'പിണറായി രേവന്തിന് നൽകിയ മറുപടിയിൽ തെറ്റില്ല, ബഹുമാനം കൊടുത്താലേ തിരിച്ചുകിട്ടൂ'; സന്തോഷ് പണ്ഡിറ്റ്
പിണറായി വിജയൻ-രേവന്ത് റെഡ്ഡി പോരിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. അടുത്തിടെ പിണറായി വിജയനെ നീ പോ മോനെ വിജയ എന്ന് കത്തിലൂടെ സംബോധന ചെയ്‌ത രേവന്ത് റെഡ്ഡിക്ക് പിണറായി നൽകിയ മറുപടി വിവാദമായിരുന്നു. ഈ വിഷയത്തിലാണ് പിണറായിക്ക് പൂർണ പിന്തുണ നൽകി സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരിക്കുന്നത്. പിണറായി ഡാഷ് മോനെ രേവന്തേ എന്ന് വിളിച്ചതിൽ തെറ്റൊന്നും തോന്നുന്നില്ലെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.
ഔദ്യോഗിക ലെറ്റർ പാഡിൽ കേരള മുഖ്യമന്ത്രിയെ അങ്ങനെ വിളിച്ചപ്പോൾ പിണറായി വിജയൻ നൽകിയത് അർഹിച്ച മറുപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണമെന്നും ഒരാൾക്ക് ബഹുമാനം കൊടുത്താൽ മാത്രമേ തിരികെ അത് കിട്ടുകയുള്ളൂ എന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ:
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
തെലുങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ജി ഔദ്യോഗിക ലെറ്റർ പാഡിൽ കേരള മുഖ്യമന്ത്രിയെ "നീ പോ മോനെ വിജയ..." എന്ന് പറഞ്ഞപ്പോൾ, അതിനു മറുപടിയായി കേരള മുഖ്യൻ പിണറായി വിജയൻ ജി "ഡാഷ് മോനെ രേവന്തെ...." (പൂരിപ്പിക്കാതെ) വിളിച്ചതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല. അർഹിച്ച മറുപടി.
മാന്യമായി തെലുങ്കനാ മുഖ്യമന്ത്രി സംസാരിക്കണം ഒരാൾക്ക് ബഹുമാനം കൊടുത്താലേ അത് തിരിച്ച് കിട്ടുകയുള്ളു.. (വാൽ കഷ്‌ണം..ഇങ്ങോട്ടില്ലാത്ത മര്യാദയൊന്നും തിരിച്ചങ്ങോട്ടും പ്രതീക്ഷിക്കേണ്ട..ചുമ്മാ ചൊറിയാൻ വന്നു കടി മേടിച്ചു..അത്രേയുള്ളൂ)
അതേസമയം, 'ഡാഷ് മോനേ രേവന്താ... മറുപടി പിന്നാലെ വരുന്നുണ്ട്' എന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. രേവന്ത് റെഡ്ഡി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഈ രീതിയിൽ പ്രതികരിച്ചത്.
ശമ്പളവും പെന്‍ഷനും നിരന്തരം മുടക്കുന്ന ഒരു സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് കേരളത്തിന് ഒന്നും പഠിക്കാന്‍ ഇല്ലെന്നായിരുന്നു പിണറായി വിജയന്റെ മറുപടിയിൽ പറഞ്ഞിരുന്നത്. കേരളത്തില്‍ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിര്‍വഹണത്തിന്റെ പാഠങ്ങള്‍ പഠിക്കാനുള്ളതെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ പിണറായിയുടെ പ്രതികരണം കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള വിമർശനത്തിന് ഇടയാക്കുകയും ചെയ്‌തിരുന്നു. വിഡി സതീശൻ അടക്കമുള്ള നേതാക്കൾ ഇതിനെ വിമർശിക്കുകയും ചെയ്‌തു. അതിന് പിന്നാലെ രേവന്തിന് വേണ്ടി പിണറായി വിജയൻ ഫേസ്‌ബുക്കിലൂടെ വിശദമായ ഒരു മറുപടി പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications