'40 വർഷം മുമ്പ് മമ്മൂക്ക പത്രത്തിൽ പരസ്യം കൊടുത്തില്ലേ..' സോഷ്യൽ മീഡിയയിൽ താരമായ ശരത് പറയുന്നു
കൊച്ചി: സിനിമയിൽ അഭിനയിക്കാൻ മോഹമില്ലാത്തവർ വളരെ കുറവാണ്. ബെസ്റ്റ് ആക്ടർ സിനിമയിലെ മോഹനെ പോലെ എവിടെയെങ്കിലും ഒരാൾ ഉണ്ടാകും.. ആ ഒരാളാണ് കോട്ടയം പനച്ചിക്കാട് സ്വദേശി ശരത്..പുതിയകാവ്- തൃപ്പൂണിത്തുറ റോഡിൽ ശരത് വെച്ച ഹോർഡിംഗും അതിന് പിന്നിലെ കഥയുമാണ് ഇപ്പോൾ എല്ലായിടത്തും ചർച്ച
'സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ട്, പ്രതീക്ഷയോടെ' എന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിനൊപ്പം സ്വന്തം നമ്പറും യുവാവ് നൽകിയിട്ടുണ്ട്. കോട്ടയത്തെ സ്വകാര്യ ബസ് ഡ്രൈവറായ ശരത് 25,000 രൂപ ചെലവാക്കിയാണ് ഹോർഡിംഗ് സ്ഥാപിച്ചത്. സിനിമാ മോഹവുമായി യുവാവ് നടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി.

പത്താം ക്ലാസുമുതൽ ചില സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി നല്ലൊരു റോളിന് വേണ്ടി ചാൻസ് ചോദിച്ചു നടന്നു. നിരവധി ഓഡിഷനിൽ പങ്കെടുത്തു. എന്നിട്ടും അവസരമൊന്നും ലഭിക്കാതായതോടെയാണ് ഇദ്ദേഹം ഈ വഴി സ്വീകരിച്ചിരിക്കുന്നത്.

സിനിമയോട് അത്രയേറെ താൽപര്യമുള്ളത് കൊണ്ടാണ് സിനിമാ പ്രവർത്തകർ ഏറെയുള്ള എറണാകുളം ജില്ലയിൽ ഹോഡിങ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ആരെങ്കിലും കണ്ടിട്ട് വിളിച്ചാലോ? ഞാൻ ഇത്തരമൊരു ഹോഡിങ്ങ് വെച്ചത് നാട്ടിൽ അറിഞ്ഞാൽ ട്രോളുകളും കളിയാക്കലുകളും ഒരുപാടുണ്ടാകും. പക്ഷെ അതൊന്നും കാര്യമാക്കുന്നില്ല. 10 വർഷം ചെറിയൊരു കാലയളവ് അല്ലല്ലോ. ഇത്രയും കാലവും സിനിമയോടുള്ള മോഹം മനസിലുണ്ടെങ്കിൽ മനസിലാക്കാമല്ലോ ഞാൻ എത്രമാത്രം ഗൗരവത്തോടെയാണ് സിനിമയെ കാണുന്നതെന്ന്. പിന്നെ 40 വർഷം മുൻപ് മമ്മൂക്ക പോലും പത്രത്തിൽ പരസ്യം കൊടുത്തിട്ടില്ലേ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ച്? ഞാൻ പരസ്യത്തിന് പകരം ഫ്ലെക്സ് വെച്ചു അത്രയേ വ്യത്യാസമുള്ളൂ.

3 മാസം കൊണ്ടു കൂട്ടിവച്ച 25,000 രൂപയാണു ഈ പരസ്യം സ്ഥാപിക്കാൻ ചെലവാക്കിയത്. സ്വകാര്യബസിലെ ഡ്രൈവറായിട്ടാണ് ജോലി ചെയ്യുന്നത്. വീട്ടുകാരൊക്കെ ആദ്യം എതിർപ്പായിരുന്നു. ഇപ്പോൾ അവർക്കും മനസിലായി എനിക്ക് എത്രമാത്രം ആഗ്രഹമുണ്ടെന്ന്. എന്നെങ്കിലും ഒരിക്കൽ ഞാനൊരു നടനാകും- ശരത് പറയുന്നു. മനോരമ ന്യൂസിനോടാണ് യുവാവിൻെറ പ്രതികരണം.

ഇപ്പോൾ സിനിമാക്കാർ കൂടുതലും കൊച്ചിയിലാണ്. അതുകൊണ്ടാണ് എറണാകുളം ജില്ലയിൽ തന്നെ ഹോർഡിങ് വച്ചത്. ഇതുകണ്ടിട്ടെങ്കിലും ആരെങ്കിലും വിളിക്കുകയാണെങ്കിൽ അത് നല്ലതല്ലേ. പലരും എന്നെ പരിഹസിക്കുമെന്ന് അറിയാം. പക്ഷേ ഞാനത് കാര്യമാക്കുന്നില്ല. സിനിമയോട് അത്രയും മോഹമുണ്ടെനിക്ക്. ഇല്ലെങ്കിൽ ഞാൻ ഇത്രയും വലിയ ഒരു സാഹസത്തിന് മുതിരുമോ? ശരത് പറഞ്ഞുവെക്കുന്നു..ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ശരതിന്റെ സിനിമയോടുള്ള പ്രണയത്തെക്കുറിച്ചുള്ള ചർച്ചയാണ്.
ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം












Click it and Unblock the Notifications