13 വര്‍ഷമായി ജോലിയെടുക്കുന്നു, നോട്ടീസ് തരാതെ പുറത്താക്കിയെന്ന് സതിയമ്മ; അനധികൃത ജോലിയെന്ന് മന്ത്രി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ കുടുംബത്തിന് വേണ്ടി ചെയ്ത സേവനത്തെ കുറിച്ച് ചാനലിനോട് പറഞ്ഞതിന് പുറത്താക്കിയ സംഭവത്തില്‍ പ്രതികരിച്ച് പുതുപ്പള്ളിയിലെ സതിയമ്മ. തനിക്ക് നോട്ടീസ് പോലും നല്‍കാതെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് പുതുപ്പള്ളിയിലെ സതിയമ്മ പറയുന്നു. ഇവര്‍ വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു.
കഴിഞ്ഞ 13 വര്‍ഷമായി ഇവിടെ ജോലി ചെയ്ത് വരികയാണ്. യാതൊരു തരത്തിലുള്ള നോട്ടീസുകളോ അറിയിപ്പുകളോ ഇല്ലാതെയാണ് പുറത്താക്കിയതെന്നും സതിയമ്മ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ പ്രതികരണം തേടുന്നതിനിടെയാണ് സതിയമ്മയോട് മാധ്യമപ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ചോദിച്ചു. തന്റെ മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും, മകളുടെ വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ പറഞ്ഞിരുന്നു.

ഈ നന്ദിയുള്ളതിനാല്‍ ചാണ്ടി ഉമ്മന് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ എന്നും സതിയമ്മ ചാനല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കെത്തിയ സതിയമ്മയോട മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്ക് കയറേണ്ടെന്ന് നിര്‍ദേശിക്കുകയായിരുന്നു. തന്നെ ഒഴിവാക്കാന്‍ മുകളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന സൂചനയോടെയാണ് ഡെപ്യൂട്ടി ഡയറക്ടര്‍ വിവരം അറിയിച്ചതെന്ന് സതിയമ്മ പറഞ്ഞു. പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് സതിയമ്മ ജോലി ചെയ്യുന്ന മൃഗാശുപത്രി.
അതേസമയം പിരിച്ചുവിട്ടെന്ന് പറയുന്ന സതിയമ്മ താല്‍ക്കാലിക ജീവനക്കാരിയല്ലെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ജിജി മോള്‍ എന്ന താല്‍ക്കാലിക ജീവനക്കാരിക്ക് പകരമായിട്ടാണ് സതിയമ്മ ജോലി ചെയ്തത്. ജിജി മോളുടെ അക്കൗണ്ടിലേക്ക് വരുന്ന പണം സതിയമ്മ കൈപ്പറ്റിയിരുന്നു. ഇത് സംബന്ധിച്ച പരാതി ലഭിച്ചപ്പോള്‍ നടപടിയെടുത്തത്. ഇതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും മന്ത്രി പറഞ്ഞു. ഇത്രയും നാള്‍ എങ്ങനെ ജോലി ചെയ്തു എന്ന് പരിശോധിക്കും.
അടുത്ത തവണ ആവശ്യമെങ്കില്‍ സതിയമ്മയെ പരിഗണിക്കുമെന്നും ചിഞ്ചുറാണി വ്യക്തമാക്കി. അതേസമയം സതിയമ്മ പുതുപ്പള്ളി വെറ്ററിനറി സബ്‌സെന്ററിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശന്‍ അടക്കം ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസും പ്രതിഷേധം നടത്തി. സതിയമ്മയുടെ കുടുംബത്തിനൊപ്പമുണ്ടാവുമെന്ന് വിഡി സതീശന്‍ പറഞ്ഞു. അവരെയും കുടുംബത്തെയും വഴിയാധാരമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉമ്മന്‍ ചാണ്ടിയെ കുറിച്ച് പറഞ്ഞതിന് പിരിച്ച് വിട്ടെന്ന പരാതി ബാലിശമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത നിര്‍മിതി ഇനിയുമുണ്ടാവും. സാധാരണ ഗതിയില്‍ ഇങ്ങനെ ഉണ്ടാവാറില്ല. മാധ്യമങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നതെന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു.
ഉമ്മന്‍ ചാണ്ടി ചെയ്ത തന്നെ കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. അതിന്റെ പേരില്‍ അവരെ പിരിച്ചുവിടുകയാണെങ്കില്‍, ഈ രാജ്യത്ത് സ്വാതന്ത്ര്യം ഇല്ല എന്നല്ലേ തെളിയിക്കുന്നത്. ഇത് എല്ലാവര്‍ക്കുമുള്ള സൂചനയാണ്. സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ തയ്യാറായാല്‍ നിങ്ങള്‍ക്കും ഈ ഗതി വരും. ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ടയാളാണ്. അദ്ദേഹത്തിന്റെ പേരിലുണ്ടാക്കിയ സ്തൂപം അടിച്ച് തകര്‍ത്തു. ആദരാഞ്ജലി അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റണമെന്ന പരാതി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ ഇനിയെങ്കിലും വെറുതെ വിടണമെന്നാണ് അപേക്ഷയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.












Click it and Unblock the Notifications