കടുവ ഭീതി തുടരുന്നു, വയനാട്ടിൽ നാളെ സ്‌കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ, എവിടെയൊക്കെ?
കൽപ്പറ്റ: വയനാട്ടിൽ കടുവ ഭീതി തുടരുന്ന സാഹചര്യത്തിൽ ഡിസംബർ 17ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. പനമരം ഗ്രാമ പഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാഹചര്യത്തിലാണ് പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളായ നീർവാരം,അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലും അവധി പ്രഖ്യാപിച്ചത്.
ആകെ പതിമൂന്ന് വാർഡുകളിലെ സ്‌കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 17 ബുധനാഴ്‌ച ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമായിരിക്കും. നിലവിൽ വിദ്യാർത്ഥികൾക്ക് ക്രിസ്‌തുമസ് പരീക്ഷ നടക്കുന്ന സമയം കൂടിയാണ്. ഇവിടെ മാറ്റിവയ്ക്കുന്ന പരീക്ഷ പിന്നീട് നടത്തുന്നതായിരിക്കും.

ഇന്നലെയും മേൽപറഞ്ഞ വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. കടുവ ഭീതി ഒഴിയാതെ വന്നതോടെയാണ് അവധി ഇന്നത്തേക്ക് കൂടി നീട്ടിയത്. പനമരത്ത് പച്ചിലക്കാട് പടിക്കം വയലിലാണ് പ്രദേശവാസികൾ കടുവയെ കണ്ടത്. രണ്ട് ദിവസമായി കടുവയ്ക്കായി തിരച്ചിൽ നടത്തുകയാണ് വനം വകുപ്പ്. എന്നാൽ ഇതുവരെയും അതിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
അഞ്ച് വയസ്സുള്ള ആൺ കടുവയാണ് പ്രദേശത്ത് ഇറങ്ങിയത്. ഇതിന് പിന്നാലെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദൗത്യത്തിനിടെ കൈതക്കാടിൽ നിന്ന് കടുവ ജനവാസ മേഖലയിലേക്ക് ഓടിയിരുന്നു. കടുവയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം ഉൾപ്പെടെ പൊട്ടിക്കുന്നുണ്ട്. രാത്രിയിൽ കടുവയെ കാട്ടിലേക്ക് തുരത്തുകയാണ് ലക്ഷ്യം. എന്നാൽ ഇത് അത്ര എളുപ്പമല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.
കടുവയെ വനത്തിലേക്ക് തുരത്താനായില്ലെങ്കില്‍ മയക്കുവെടിവെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനുള്ള ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചു. അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പൂര്‍ണ ആരോഗ്യവാനായ കടുവയാണ് പ്രദേശത്ത് ഇറങ്ങിയതെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ അറിയിച്ചു. നിലവിൽ കടുവയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് നിഗമനം. ഇതോടെയാണ് ഉൾക്കാട്ടിലേക്ക് തുരത്താൻ ദൗത്യം ആരംഭിച്ചത്.
ജനവാസ മേഖലയിലേക്ക് കടുവ നീങ്ങിയതോടെ വനം, ദ്രുത കര്‍മ്മ സേനാംഗങ്ങളും പിന്നാലെ പോയെങ്കിലും നിലവിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. രാത്രിയായതിനാല്‍ കടുവയുടെ നീക്കം തിരിച്ചറിയുക പ്രയാസമാണെന്ന വെല്ലുവിളി കൂടിയുണ്ട്. രാത്രി വൈകിയും നിശ്ചിത ഇടവേളകളില്‍ കടുവയുടെ നീക്കം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഉച്ചഭാഷിണികളിലൂടെ ജനങ്ങള്‍ക്ക് നല്‍കി വരികയാണ് അധികൃതർ.












Click it and Unblock the Notifications