കുരുന്നുകൾക്ക് സ്വാഗതം..; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും, മൂന്ന് ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലേക്ക്
തിരുവനന്തപുരം: വേനലവധിയുടെ രണ്ട് മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഉദ്ഘാടനം ചെയ്യുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും.
കൂടാതെ ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികളും ഇക്കുറി സംഘടിപ്പിച്ചിട്ടുണ്ട്. മഴ നേരത്തെ എത്തിയ ഈ വർഷം പ്രവേശനോത്സവ ദിവസം കാര്യമായ മഴ ഭീഷണി ഇല്ലെന്നതാണ് ആശ്വാസകരമായ കാര്യം. അതിനാൽ തന്നെ കുരുന്നുകൾ എല്ലാം തന്നെ സ്‌കൂളിലേക്ക് പോവാനുള്ള ആവേശത്തിലാണ്. സ്‌കൂളുകളിൽ അവസാനവട്ട ഒരുക്കവും പൂർത്തിയായി.

ഇക്കുറി ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്‌കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം പരിശോധന പൂർത്തിയാക്കിയിരുന്നു. ഏറെ പ്രത്യേകതകൾ ഉള്ള പ്രവേശനോത്സവമാണ് ഇക്കുറി സംസ്ഥാനത്തെ സ്‌കൂളുകളിൽ നടക്കുന്നത്.
പുതിയ അധ്യയന വർഷത്തിൽ പലവിധത്തിലുള്ള നയപരമായ മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. മൂല്യാധിഷ്ഠിത പഠനവും, ഹൈസ്‌കൂളിൽ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമാകുന്നത് എന്നതാണ് പ്രധാന വിഷയം. ഇന്ത്യയിൽ ആദ്യമായി പത്താം ക്ലാസിൽ റോബോട്ടിക്‌സ് പഠനവിഷയമാകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
സ്‌കൂൾ തുറന്നാൽ ആദ്യ രണ്ട് ആഴ്‌ചകളിൽ പാഠപുസ്‌തക പഠനമില്ല എന്നതാണ് ഇക്കുറിയുള്ള ഹൈലൈറ്റ്. പകരം കുട്ടികൾക്ക് പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളാവും പഠിപ്പിക്കുക. 2,4,6,8,10 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്‌തകങ്ങളും വിതരണത്തിന് എത്തും.
സ്‌കൂൾ തുറക്കുമ്പോൾ പ്രവർത്തിസമയവും കൂടുമെന്നതാണ് മറ്റൊരു നിർണായക മാറ്റം. അരമണിക്കൂർ വർധിച്ച് രാവിലെ 9:45 മുതൽ വൈകിട്ട് 4:15 വരെയാണ് ഇനി മുതൽ സ്‌കൂളുകളിലെ പ്രവർത്തി സമയം. 44 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ആകെ സ്‌കൂളുകളിൽ എത്തുമെന്നാണ് കരുതുന്നത്. പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ ആകെ കൂട്ടിയാണ് ഇത്.
കൊട്ടാരക്കര താമരക്കുടി എസ്‌വിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയായ ഭദ്ര ഹരി എഴുതി പ്രമുഖ സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ചിട്ടപ്പെടുത്തിയ ഗാനമാണ് ഇത്തവണത്തെ പ്രവേശനോത്സവ ഗാനം. അനു തോമസ്, അലീന മേരി ഷിബു, ജെറിന്‍ ജോര്‍ജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച പുസ്‌തക പ്രകാശനവും സംസ്ഥാന തല ഉദ്‌ഘാടനത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി സജി ചെറിയാന് നല്‍കിയാണ് പുസ്‌തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുക. ഒപ്പം സംസ്ഥാനതല പ്രവേശനോത്സവം എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
പ്ലസ് വൺ അലോട്ട്മെന്റ് ഇന്ന്
അതിനിടെ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെരാവിലെ പത്ത് മണി മുതല്‍ ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് കിട്ടിയ സ്‌കൂളുകളിൽ പ്രവേശനം നേടാനുള്ള അവസരം ഉണ്ടാവും.
കൂടാതെ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും, സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും ഇതിനോടൊപ്പം തന്നെ പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. https: // hscap. kerala.gov. in എന്ന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം.












Click it and Unblock the Notifications