തിരുവനന്തപുരത്തും കൊല്ലത്തും അടക്കം നാല് ജില്ലകളില്‍ ശക്തമായ കടലാക്രമണം; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിശക്തമായ കടലാക്രമണം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് കടലാക്രമണം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തീരദേശ മേഖലയിലെ കളക്ടര്‍മാരുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.
കടലാക്രമണത്തിന് കാരണം കള്ളക്കടല്‍ പ്രതിഭാസമാണെന്ന് അധികൃതര്‍ പറയുന്നു. തിരുവനന്തപുരത്ത് പുല്ലുവിളി, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നിവിടങ്ങളില്‍ എല്ലാം കടല്‍ കയറിയിരിക്കുകയാണ്. അതിശക്തമായ തിരമാലയും കാറ്റും ഇവിടങ്ങളില്‍ അനുഭപ്പെടുന്നുണ്ട്.

അതേസമയം കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ അന്‍പതോളം വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. പൊഴിക്കരയില്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. പൊഴിയൂരില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള പത്തോളം കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്.
അതേസമയം കടലാക്രമണം രണ്ട് ദിവസം കൂടിയുണ്ടാവുമെന്നാണ് സൂചന. പൊഴിയൂരില്‍ കടലാക്രമണത്തെ തുടര്‍ന്ന് മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളുമെല്ലാം നശിച്ചു. ഇവിടെ റോഡുകളും തകര്‍ന്നു. പൂവാര്‍ അടിമലത്തുറ ഭാഗം വരെയാണ് കടല്‍ കയറിയിരിക്കുന്നത്.
പൊഴിക്കരയില്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. കൊല്ലത്ത് മുണ്ടക്കലിലാണ് കടലാക്രമണം ഉണ്ടായത്. കാറ്റും തിരമാലകളുമെല്ലാം ഇവിടെ ഉണ്ടായിട്ടുണ്ട്. കോവളത്തും ശക്തമായി തിരയടിച്ചു. ഇതേ തുടര്‍ന്ന് റോഡിലേക്കും കടകളിലേക്കും വെള്ളം കയറിയിരിക്കുകയാണ്. കോവളം ബീച്ചിലേക്കുള്ള പ്രവേശം നിരോധിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയില്‍ ശക്തമായ വേലിയേറ്റം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തൂമ്പയില്‍ നൂറുമീറ്ററോളമാണ് തിരമാല അടിച്ച് കയറിയത്. ചേര്‍ത്തല പള്ളിപ്പുറം മേഖലകളിലും കടലാക്രമണം ശക്തമാണ്. പൂന്തുറയില്‍ വള്ളങ്ങള്‍ കൂട്ടിയിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് പേര്‍ക്ക് പരുക്കുമേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രണം ഉണ്ടായത്. പുറക്കാട് നേരത്തെ കടല്‍ വളഞ്ഞിരുന്നു. കൊല്ലത്ത് വര്‍ക്കല മുതല്‍ കൊല്ലത്തിന്റെ അങ്ങേ തീരം വരെയാണ് അപ്രതീക്ഷിതമായ കടല്‍ക്ഷോഭം ഉണ്ടായത്. ആലപ്പുഴയില്‍ കടലാക്രമണം ശക്തമായതോടെ പത്ത് വീടുകളാണ് തകര്‍ന്ന് വീഴുമെന്ന ഭീഷണി നേരിടുന്നത്.
തൃശൂരില്‍ പെരിഞ്ഞനത്താണ് കടലേറ്റം. തിരകള്‍ ശക്തമായി കരയിലേക്ക് അടിച്ചുകയറിയിരിക്കുകയാണ്. ഇവിടെ മണ്ണും വെള്ളവുമെല്ലാം അടിച്ചുകയറി മത്സ്യബന്ധന വലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇനിയും തിരമാലകള്‍ ഉയരുമെന്നാണ് മുന്നറിയിപ്പ്.












Click it and Unblock the Notifications