തിരുവനന്തപുരത്ത് തോട്ടിൽ വീണ തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് റോബോട്ടും
തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ വേളയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മാരായമുട്ടം സ്വദേശി ജോയിയെ മണിക്കൂറുകൾ പിന്നിട്ടിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവിടെ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യ കൂമ്പാരം മൂലം രക്ഷാപ്രവർത്തകർക്ക് അധികദൂരം സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു.
അവിടെയുള്ള ടണലിന്റെ 40 മീറ്റർ വരെ ഉളളിലേക്ക് വരെ സ്‌കൂബ ടീം കടന്നു ചെന്നെങ്കിലും മാലിന്യം അടിഞ്ഞുകൂടിയത് കാരണം മുന്നോട്ട് സഞ്ചരിക്കാൻ കഴിയാതെ വരികയായിരുന്നു. ഒടുവിൽ മാൻഹോളിലെ പരിശോധനക്കായി റോബോട്ടുകൾ എത്തിച്ചിരിക്കുകയാണ്. ഇതിനായി ടെക്‌നോപാര്‍ക്കില്‍ നിന്നുള്ള സംഘമാണ് സ്ഥലത്തെത്തിയത്.

റോബോട്ടിക് സംവിധാനം വഴി ടണലിനുള്ളിലെ മാലിന്യം നീക്കാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ട് ജന്‍ റോബോട്ടുകള്‍ ഉപയോഗിച്ച് ടണലിന്റെ ഇരു വശങ്ങളില്‍ നിന്നുമായാണ് മാലിന്യം നീക്കുന്നത്. കരയില്‍ ഇരുന്ന് കൊണ്ട് റോബോട്ടിന്റെ പ്രവർത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂബ ടീമിന് ജോയിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് റയില്‍വേ സ്‌റ്റേഷന് അകത്തുളള സ്ലാബ് ഉൾപ്പെടെ ഇളക്കി പരിശോധിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ റോബോട്ടിനെ എത്തിക്കുകയായിരുന്നു. റെയിൽവേ സ്‌റ്റേഷന്റെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള മാൻഹോൾ തുറക്കാനാണ് ഇനിയുള്ള പദ്ധതി. ഒരാൾക്ക് മാത്രം ഇറങ്ങാവുന്ന മാൻഹോളിലേക്ക് ആളുകൾ ഇറങ്ങുന്നത് അപകടകരമാണെന്ന വിലയിരുത്തലിനെ തുടർന്ന് മാലിന്യം നീക്കാൻ റോബോട്ടിനെ എത്തിക്കുകയായിരുന്നു.
ഇന്ന് രാവിലെ 11. 30തിനാണ് അപകടമുണ്ടായത്. റെയില്‍വേ സ്‌റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. അപ്രതീക്ഷിതമായി മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മറ്റ് രണ്ട് പേർ അപ്പോഴേക്കും കരയിലേക്ക് കയറിയിരുന്നു.
മേയറും കളക്‌ടറുമടക്കം രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്ഥലത്ത് തന്നെ തുടരുകയാണ്. രക്ഷാദൗത്യത്തിന് തിരുവനന്തപുരത്ത് നിന്നുള്ള എന്‍ഡിആര്‍ഫ് സംഘവും രാത്രിയോടെ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജില്ലാ കളക്‌ടറാണ് ഇക്കാര്യം അറിയിച്ചത്. നേവിയോടും സഹായമഭ്യര്‍ത്ഥിച്ചതായി കളക്‌ടർ അറിയിച്ചു.












Click it and Unblock the Notifications