സ്വകാര്യ ബസുകളിലെ ക്യാമറ; സർക്കാർ ഉത്തരവ് താൽക്കാലികമായി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് താൽക്കാലികമായി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാരിനും ഗതാഗത കമ്മീഷണർക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്.

ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന് ഉത്തരവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വാഹനങ്ങളിൽ സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ നിയമത്തിൽ ഒരിടത്തും സ്‌റ്റേജ് കാര്യേജ് ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന് പറയുന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തതെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. സംസ്ഥാനത്തിന് ഇത്തരം തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
ഈ വർഷം ഫെബ്രുവരി 28ന് മുൻപ് സ്വകാര്യ ബസ്സുകളിൽ ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഉത്തരവ്. ബസുടമകളുടെ പ്രതിഷേധ തുടർന്ന് പിന്നീട് പലതവണയായി തീയതി നീട്ടി നൽകുകയായിരുന്നു. തുടർന്ന് നവംബർ ഒന്ന് മുതൽ ഈ ഉത്തരവ് നടപ്പാക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിനെതിരെ ബസുടമകൾ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്‌തു.












Click it and Unblock the Notifications