സുരക്ഷാ ജീവനക്കാർക്ക് മർദ്ദനം: ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പടേയുള്ള പ്രതികള്‍ കീഴടങ്ങി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിലെ പ്രതികള്‍ കീഴടങ്ങി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങിയത്. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം കെ അരുൺ, രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ തുടങ്ങിയവര്‍ കോടതിയലെത്തി കീഴടങ്ങുകയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങല്‍.
കോഴിക്കോട് നഗരത്തില്‍ തന്നെയാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന ആരോപണവും ശക്തമാണ്. ടവർ ലൊക്കേഷൻ വിവരങ്ങൾ പ്രകാരം പ്രതികൾ നഗരത്തിൽ ഉണ്ടെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല. പൊലീസ് പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നാണ് മര്‍ദനമേറ്റ ജീവനക്കാരനായ ശ്രീലേഷ് പറയുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മര്‍ദനമേറ്റവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

അരുണുള്‍പ്പെടെ പതിനാറ് പേര്‍ക്കെതിരെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആശുപത്രി സുരക്ഷാ നിയമം, അന്യായമായി സംഘം ചേരല്‍, മര്‍ദ്ദനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമത്തിന്‍റെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമം ലേഖകനായ പി ഷംസുദ്ധീനെ മര്‍ദിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയ അരുണിനേയും സംഘത്തേയും തടഞ്ഞതാണ് മർദ്ദനത്തിന് കാരണം. ക്രൂരമായ മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അക്രമത്തില്‍ വിനേഷന്‍, ശ്രീലേഷ്, രവീന്ദ്ര പണിക്കർ എന്നീ മൂന്ന് സുരക്ഷ ജീവനക്കാർക്കായിരുന്നു മർദ്ദനമേറ്റത്.
അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications