'50 സെന്റ് സർക്കാർ ഭൂമി കയ്യേറി'; മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ റവന്യൂ വകുപ്പ് കേസെടുത്തു
ഇടുക്കി: മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഭൂമികയ്യേറ്റത്തിന് കേസ് എടുത്ത് റവന്യൂ വകുപ്പ്. കേസുമായി ബന്ധപ്പെട്ട ഹിയറിങ്ങിന് ഹാജരാകാൻ മാത്യുവിന് റവന്യൂ വകുപ്പ് നോട്ടീസ് നൽകി. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സർക്കാർ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം എംഎൽഎക്കെതിരെ കേസെടുത്തത്.
ആധാരത്തിൽ വില കുറച്ചു കാണിച്ച് ഭൂമി രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹൻലാൽ നൽകിയ പരാതിയോടെയാണ് മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് ഉയർന്നുവന്നത്. 2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും, അതിലെ കെട്ടിടങ്ങളും മാത്യു കുഴൽനാടന്റെയും മറ്റ് രണ്ട് പേരുടെയും ഉടമസ്ഥതയിലേക്ക് മാറ്റിയത്.

എന്നാൽ വിവാദമായതോടെ സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതൽ കാണിച്ചുവെന്ന ന്യായീകരണവുമായി മാത്യു കുഴൽനാടൻ കേസിനെ പ്രതിരോധിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പ്രതികാര നടപടിയുടെ ഭാഗമായുള്ള വേട്ടയാടലാണ് ഇതെന്നായിരുന്നു മാത്യു കുഴൽനാടന്റെ മറുപടി.
എന്നാൽ കേസിൽ വിജിലൻസ് ഇടപെട്ടതോടെ സംഭവം ആകെ മാറി മറിയുകയായിരുന്നു. ചിന്നക്കനാലിൽ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് അധികമുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. മാത്യുവിന്റെ മൊഴിയെടുത്ത ശേഷമാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളക്കുകയും ചെയ്‌തിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. കൂടാതെ 50 സെന്റ് പുറമ്പോക്ക് കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി റജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നും വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഇടുക്കി ചിന്നക്കനാലിൽ മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെന്റ് ഭൂമിയാണ് മാത്യു കുഴൽനാടന്റെ പേരിലുള്ളത്. ഇവിടെയുള്ള കെട്ടിടത്തിന് 18 ലക്ഷം രൂപ മൂല്യമുണ്ട്. ഇതിന്റെ വിലയാണ് കുറച്ച് കാണിച്ചത്. ഇതിലൂടെ സര്‍ക്കാരിന് കിട്ടേണ്ട നികുതി നഷ്‌ടമായെന്നും വിജിലൻസ് പറയുന്നു.
ഇത് കഴിഞ്ഞ ദിവസം അന്വേഷണത്തിന് ശേഷം റവന്യൂ വകുപ്പും ശരിവെച്ചിരുന്നു. വിഷയം സംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസീൽദാർ ഇടുക്കി ജില്ലാ കളക്‌ടർക്ക് റിപ്പോർട്ടും നൽകിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മിച്ചഭൂമി ഏറ്റെടുക്കാൻ കലക്‌ടർ അനുമതി നൽകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് കേസെടുത്തത്.












Click it and Unblock the Notifications