'നിഖിൽ പൈലി ആരേയും കൊല്ലാൻ പോയിട്ടില്ല,ധീരജ് വധത്തിൽ കുട്ടികൾ നിരപരാധികൾ'; കെ സുധാകരൻ
ഡൽഹി : ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ വീണ്ടും പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. നിഖിൽ പൈലി ആരെയും കൊല്ലാൻ പോയിട്ടില്ല എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.
ധീരജ് പഠിച്ചിരുന്ന കോളേജിൽ നിഖിൽ പൈലിയെത്തിയത് കെ എസ് യു കുട്ടികൾക്ക് സംരക്ഷണം ഒരുക്കാനാണ്. നിഖിൽ പെലിയെയും സംഘത്തെയും ഡി വൈ എഫ് ഐ, സി പി എം ,എസ് എഫ് ഐ ഗുണ്ടകൾ ഉപദ്രവിക്കാൻ വളയുകയായിരുന്നു. ഈ സമയത്ത് ജീവൻ രക്ഷിക്കാൻ ഓടിയതാണെന്നും കെ സുധാകരൻ പറഞ്ഞു.

ധീരജിന്റെ മരണം ഇരുന്നു വാങ്ങിയതെന്ന് വാക്ക് നല്ല വാക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എസ് യു, യൂത്ത് കോൺഗ്രസ് കുട്ടികൾ നിരപരാധികൾ ആണെന്ന് വ്യക്തമാക്കാൻ വേണ്ടി ആ വാക്ക് ഉപയോഗിച്ചതായാണ് കെ സുധാകരൻ വെളിപ്പെടുത്തിയത്.
കോളേജിനുള്ളിലേക്ക് എത്തിയ ആളുകൾ തിരിച്ചടിക്കാനോ കുത്താനോ നിന്നവരല്ല. അവർ ആരെയും കൊല്ലാനും വന്നവരല്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ രണ്ട് കിലോമീറ്ററോളം ഗുണ്ടകൾ പുറകെ ഓടി. ഇതിന് പിന്നാലെ അവർ തളർന്ന് വീണു. അവിടെയാണ് സംഭവം നടന്നത്. ധീരജിനെ കുത്തിയെന്ന് പറയുന്നു. എന്നാൽ, കെ എസ് യു പ്രവർത്തകരോ നിഖിൽ പൈലിയോ ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ല. ഇത് എസ് എഫ് ഐക്കാരും കണ്ടിട്ടില്ല.
ധീരജിനെ കുത്തിയതായി എസ് എഫ് ഐ കാർ പോലും സാക്ഷി പറഞ്ഞിട്ടില്ല. ഗുണ്ടാ സംഘത്തിൽ നിന്നും രക്ഷപ്പെട് ഓടിയ നിഖിൽ പൈലി ധീരജിനെ കുത്തിയിട്ടില്ല. ഇവരുടെ നിരപരാധിത്വം വെളിപ്പെടുത്താനാണ് താൻ ഇരന്നു വാങ്ങിയത് എന്ന പ്രയോഗം ഉപയോഗിച്ചതെന്നും കെ സുധാകരൻ വ്യക്തമാക്കി.
അതേസമയം , വടകര എം എൽ എ കെ കെ രമയ്ക്ക് എതിരെ എം എം മണി വിവാദ പരാമർശം നടത്തിയ വിഷയത്തിലും കെ സുധാകരൻ പ്രതികരിച്ചു. സി പി എം കെ കെ രമയോട് ചെയ്തത് വലിയ ക്രൂരതയാണെന്നായിരുന്നു കെ സുധാകരൻ വ്യക്തമാക്കിയത്. ഇപ്പോഴും സി പി എം കെ കെ രമയെ വേട്ടയാടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
എം എം മണിയുടെ നടത്തിയ പരാമർശത്തിൽ സി പി ഐ ദേശീയ നേതാവായ ആനി രാജയെ പാർട്ടി തള്ളിപ്പറയുന്ന നടപടി ശരിയായില്ല. സ്ത്രീകൾക്ക് എതിരെ നടക്കുന്ന ഇത്തരം പരാമർശങ്ങളിൽ പ്രതികരിക്കാൻ അവർക്ക് അവകാശമുണ്ടെന്നു കെ സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications