മുഖ്യമന്ത്രി കണ്ണാടി നോക്കണം, പ്രതികരണ ശേഷി തിരിച്ചുകിട്ടിയതില്‍ സന്തോഷമെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: ഇന്ധന വില വര്‍ധനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെയുള്ള നടന്‍ ജോജു ജോര്‍ജ് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടായിരിക്കുന്നത്. ഷൂട്ടിംഗ് തടയുന്നത് വരെയെത്തി കാര്യങ്ങള്‍. ജോജുവിന്റെ സിനിമ തിയേറ്ററില്‍ നിന്ന് മാറ്റണമെന്ന് വരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്ന് നിയമസഭയില്‍ ഷൂട്ടിംഗ് തടയുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഫാഷിസമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അടക്കമുള്ള സിനിമകളോട് സിപിഎം കാണിച്ച അസഹിഷ്ണുത അടക്കം എടുത്ത് പറഞ്ഞായിരുന്നു ഷാഫിയുടെ മറുപടി. ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ്സ് യൂത്ത് കോണ്‍ഗ്രസ്സിന് ആവശ്യമില്ലമെന്ന് എംഎല്‍എ പറഞ്ഞു. ലഖിംപൂര്‍ ഖേരിയില്‍ നിരവധി കര്‍ഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്ര മന്ത്രിപുത്രനെയും മന്ത്രിയേയും സംരക്ഷിക്കുന്ന ബിജെപി നിലപാടിനെ ഫാസിസമെന്ന് വിളിക്കുന്നത് പോയിട്ട് ഒരു വരിയില്‍ അപലപിക്കുവാന്‍ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഒരു പ്രാദേശിക പ്രതിഷേധത്തെ ഫാസിസമെന്ന് വിളിക്കുന്നത് ആരെ സഹായിക്കാനാണെന്ന് ഷാഫി ചോദിക്കുന്നു.
മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു.അങ്ങയുടെ വാക്കുകള്‍ അങ്ങയെ തന്നെ ഓര്‍മ്മപ്പെടുത്തുന്നു..വിയോജിപ്പുള്ളവരെ ജീവിക്കുവാന്‍ അനുവദിക്കില്ല എന്നത് ഫാസിസം തന്നെയാണ്. ടിപി 51 വെട്ടും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും, ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളില്‍ ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നു എന്ന് കേരളത്തിന് അറിയാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എഴുത്തുകാരന്‍ ശ്രീ പോള്‍ സക്കറിയയെ ഉഥളക ക്കാര്‍ തല്ലിയത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം പരിഹസിച്ചു.
കലാ-സാംസ്‌ക്കാരിക-സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ യൂത്ത് കോണ്‍ഗ്രസ്സ് ആദരവോടെയാണ് കണ്ടിട്ടുള്ളത്. അതിനിയും തുടരും. കേരളത്തിലെ സിനിമാ മേഖലയോട് യൂത്ത് കോണ്‍ഗ്രസ്സിന് ഒരു പ്രശ്‌നവുമില്ല. മുല്ലപ്പെരിയാര്‍ മരംമുറി, ദീപാ മോഹന്‍ നേരിടേണ്ടി വന്ന ജാതി വിവേചനം, സംസ്ഥാനത്തെ ഇന്ധന നികുതി ഭീകരത തുടങ്ങി ജനകീയ പ്രശ്‌നങ്ങളിലെല്ലാം മൗനത്തിലായ മുഖ്യമന്ത്രിക്ക് പ്രതികരണ ശേഷി തിരിച്ച് കിട്ടിയതില്‍ സന്തോഷമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഷാഫിയുടെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യമുയര്‍ന്നിരുന്നു.












Click it and Unblock the Notifications