ഷഹബാസിന്റെ മരണം തലയോട്ടി തകർന്ന്; അടിയേറ്റത് കട്ടികൂടിയ ആയുധം കൊണ്ട്, പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: താമരശ്ശേരിയിൽ മരണപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. അതിക്രൂര മർദ്ദനത്തിന് ഇരയായാണ് ഷഹബാസ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്ന നിർണായക വിവരങ്ങളാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. വിദ്യാർത്ഥിയുടെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്ന നിലയിലായിരുന്നു. നെഞ്ചിനേറ്റ മർദ്ദനത്തിൽ അന്തരിക രക്തസ്രാവം ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
ചെവിയുടെ പിന്നിലും, കണ്ണിലും മർദ്ദനമേറ്റതായും പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കട്ടിയേറിയ ആയുധം കൊണ്ട് ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടത്തിലെ കണ്ടെത്തലിൽ പറയുന്നത്. വട്ടോളി എംജെ ഹയർസെക്കൻഡറി സ്‌കൂൾ പത്താംതരം വിദ്യാർഥിയാണ് മരണപ്പെട്ട മുഹമ്മദ് ഷഹബാസ്. ചികിത്സയിലിരിക്കെ പുലർച്ചെ ഒരു മണിയോടെയാണ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ രണ്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു, ഇതിൽ ഷഹബാസും ഉൾപ്പെട്ടിരുന്നു. സംഘർഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനായി.
തുടർന്ന് ഷഹബാസിനെ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. അഞ്ച് പേരെയും വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷൻ ഹോമിലേക്ക് മാറ്റാൻ ജുവനൈൽ ജസ്‌റ്റിസ് ബോർഡ് തീരുമാനിക്കുകയും ചെയ്‌തിരുന്നു.
അതിനിടെ ഷഹബാസിനെതിരായ ആക്രമണം ബോധപൂർവം ആയിരുന്നെന്ന് തെളിയിക്കുന്ന അക്രമികളുടെ ഇൻസ്‌റ്റഗ്രാം ഗ്രൂപ്പ് ചട്ടുകളും ഓഡിയോകളും പുറത്തുവന്നിരുന്നു. ഷഹബാസിനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയെന്നാണ് അതിൽ പറയുന്നത്. അതിനിടെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷയെഴുതാൻ അനുമതി നൽകിയിരുന്നു.
പഠിക്കാൻ മിടുക്കനായിരുന്നു മരണപ്പെട്ട ഷഹബാസ്. കുടുംബത്തിന്റെ സകല പ്രതീക്ഷയും തകർത്തുകൊണ്ടാണ് കുട്ടി ഇന്ന് മരണത്തിന് കീഴടങ്ങിയത്. മദ്രസയിലെ പൊതുദർശനത്തിനുശേഷം കിടവൂർ ജുമാ മസ്‌ജിദിന്റെ ഖബർസ്ഥാനിലാവും ഷഹബാസിന് അന്ത്യവിശ്രമം ഒരുക്കുക. ഷഹബാസിന്റെ പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.












Click it and Unblock the Notifications