'വാതിൽ ചവുട്ടി തുറന്നു, ചുമരിൽ ചാരിയ നിലയിലായിരുന്നു ഷഹന കിടന്നിരുന്നത്..'; ഫ്ലാറ്റിലെ സെക്യൂരിറ്റി
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിയായിരുന്ന ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷഹന താമസിച്ചിരുന്ന ഫ്ലാറ്റിലെ സെക്യൂരിറ്റിയാണ് യുവതി അബോധാവസ്ഥയിൽ കിടന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. സാധാരണ സമയത്ത് ഡ്യൂട്ടിക്ക് എത്താതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഷഹനയെ ബോധമറ്റ നിലയിൽ കണ്ടെത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നു.
'ഷഹന മുറിയിൽ ഒറ്റയ്ക്കായിരുന്നു. തൊട്ടപ്പുറത്തെ മുറിയിലെ പെൺകുട്ടി ജോലിക്ക് പോയിരുന്നു. ഡേനൈറ്റ് ഷിഫ്റ്റുകൾ ഉള്ളതിനാൽ അവർ പരസ്‌പരം വിളിച്ച് എഴുന്നേൽപ്പിക്കാറില്ല. എന്നാൽ ഷഹന ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് ചെന്ന് നോക്കാൻ എന്നോട് വിളിച്ചു പറയുകയായിരുന്നു. വാതിലിൽ തട്ടിയിട്ടും പ്രതികരണമുണ്ടായില്ല.' സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.

'തുടർന്ന് ഇവരുടെ സുഹൃത്ത് ജാസ്‌മിനും മകളും വന്നു. വീണ്ടും ചെന്ന് നോക്കി വാതിൽ തട്ടിയിട്ടും അനക്കമുണ്ടായില്ല. അങ്ങനെയാണ് പോലീസിനെ വിളിക്കുന്നത്. പോലീസ് വന്നു ആദ്യത്തെ വാതിൽ തുറന്ന് അകത്ത് കയറി. ഷഹന കിടന്നിരുന്ന മുറിയുടെ വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. പുറത്തെ വിടവിൽ നിന്ന് നോക്കുമ്പോൾ ചുമരിൽ ചാരി ഇരിക്കുന്ന നിലയിലാണ് ഉണ്ടായിരുന്നത്. പിന്നീട് വാതിൽ ചവുട്ടി പൊളിച്ച് അകത്ത് കടക്കുകയായിരുന്നു' സെക്യൂരിറ്റി ജീവനക്കാരൻ വ്യക്തമാക്കി.
"അപ്പോഴേക്കും ജീവൻ പോയിട്ടുണ്ടായിരിക്കാം. കൈയിൽ സിറിഞ്ച് കുത്തിയ നിലയിലായിരുന്നു. സ്‌റ്റെയർ കേസ് വഴിയാണ് ഷഹനയെ പുറത്തേക്ക് കൊണ്ട് പോയത്. കുട്ടിയുടെ സഹപാഠികൾ ഉൾപ്പെടെ എത്തിയത് പിന്നീടാണ്. രാത്രി ഒൻപത് മണിയായിട്ടുണ്ടാവും അപ്പോഴേക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്ത് റുവൈസിന്റെ പേര് പരാമർശിച്ചിരുന്നതായാണ് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചത്. റുവൈസിന്റെ ഫോണിലേക്ക് ഷഹന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്‌തുവെന്നും, അത് കുറ്റകൃത്യത്തിന്റെ തെളിവാണെന്നും പോലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
റുവൈസുമായി അടുപ്പത്തിലായിരുന്നു ഷഹാന. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നു. എന്നാൽ വിവാഹത്തിനായി റുവൈസും അദ്ദേഹത്തിന്റെ കുടുംബവും വലിയ തുക സ്ത്രീധനമായി ആവശ്യപ്പെടുകയായിരുന്നുവെന്നും ഈ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നുമാണ് ബന്ധുക്കൾ മൊഴി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാവിലെയോടെ റുവൈസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് റുവൈസിനെതിരെ ചുമത്തിയത്. കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications