ഡോ. ഷഹനയുടെ ആത്മഹത്യ; സ്ത്രീധന കാര്യത്തിൽ വാശി പിടിച്ചത് റുവൈസിന്റെ പിതാവ്, ഒളിവിൽ തുടരുന്നു...
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനിയായിരുന്ന ഡോ. ഷഹന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ റുവൈസിന്റെ പിതാവിനെ പിടികൂടാനാകാതെ പോലീസ്. കേസിൽ റുവൈസ് അറസ്‌റ്റിലായി ദിവസങ്ങൾ പിന്നിട്ടിട്ടും ഇയാളുടെ പിതാവ് അബ്‌ദുൾ റഷീദിനെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് പോലീസ്. പ്രതി കുടുംബത്തോടൊപ്പം കാറിൽ കടന്നു കളഞ്ഞെന്നാണ് ലഭ്യമായ വിവരം.
അറസ്‌റ്റിലായ റുവൈസിന്റെ പിതാവായ അബ്‌ദുൾ റഷീദാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്ന കാര്യം ഷഹനയുടെ ആത്മഹത്യാ കുറിപ്പിലും, വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്നും വ്യക്തമായിരുന്നു. എന്നാൽ നിർണായകമായ ഈ തെളിവുകൾ കിട്ടിയെങ്കിലും അതു മറച്ചുവച്ച് പോലീസ് നടത്തിയ ഒളിച്ചുകളി പ്രതികൾക്ക് രക്ഷപ്പെടാൻ സാധ്യതയൊരുക്കി എന്നാണ് വിമർശനം.

റുവൈസിന്റെ പിതാവും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തി എന്ന് ഷഹനയുടെ മാതാവിന്റെ മൊഴിയിൽ പറഞ്ഞിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ കരുനാഗപ്പള്ളിയിലെ വീട്ടിൽ പോലീസ് എത്തിയെങ്കിലും ഇത് അടച്ചിട്ട നിലയിലാണ്. തുടർന്ന് പോലീസ് ബന്ധുക്കളുടെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
കേസിൽ റുവൈസിനെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തത്. ഇനി അബ്‌ദുൾ റഷീദിനെ ചോദ്യം ചെയ്‌താൽ മാത്രമേ അന്വേഷണം മുന്നോട്ട് നീങ്ങുകയുള്ളൂ. ഈ സാചര്യത്തിൽ ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കാനാണ് പോലീസ് തീരുമാനം.
വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ വിവാഹം മുടങ്ങിയതിന്റെ വിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പങ്ക് വ്യക്തമായിരുന്നു. ഷഹ്‌ന മരിക്കും മുൻപ് റുവൈസിന് ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദേശമയച്ചുവെങ്കിലും അയാൾ പ്രതികരിച്ചില്ലെന്നും പോലീസ് പറഞ്ഞിരുന്നു.
വെഞ്ഞാറമൂട് സ്വദേശിനി ഷഹനയെ തിങ്കളാഴ്‌ച രാത്രിയാണ് മെഡിക്കൽ കോളജിന് സമീപത്തെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
റുവൈസുമായി ഷഹാന അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുകയും ചെയ്‌തിരുന്നു . എന്നാൽ വിവാഹത്തിനായി റുവൈസും അദ്ദേഹത്തിന്റെ കുടുംബവും വലിയ തുക സ്ത്രീധനമായി ആവശ്യപ്പെടുകയായിരുന്നു. ഈ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കൾ മൊഴി നൽകിയത്.
ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിയായ റുവൈസിനെതിരെ ചുമത്തിയത്. കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്.












Click it and Unblock the Notifications