‘ഷമ്മി തന്നെയാടാ ഹീറോ..’; പോസ്റ്റുമായി ഹൈബി.. ആ 1072 പേരിലാണ് പ്രതീക്ഷയെന്ന് കമന്റുമായി അണികൾ
കൊച്ചി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂർ നേടിയ 1072 വോട്ട് ആഘോഷമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ അണികൾ. കുറഞ്ഞത് 500 വോട്ടുകൾ കിട്ടുമെന്നായിരുന്നു തരൂർ പക്ഷത്തിന്റെ കണക്ക് കൂട്ടൽ. ഈ കണക്ക് കൂട്ടലുകൾ എല്ലാം തള്ളിക്കൊണ്ടാണ് തരൂരിന്റെ മികച്ച പ്രകടനം.
ശശി തരൂർ ഉയർത്തിയ ആവേശത്തിലും ഊർജ്ജത്തിലും അദ്ദേഹത്തെ പിന്തുണച്ചവർ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തരൂരിനെ പിന്തുണച്ച് യുവ നേതാവും എംപിയുമായ ഹൈബി ഈഡനും കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ശശി തരൂരിനെ തുടക്കത്തിൽ തന്നെ പിന്തുണച്ച നേതാക്കളിൽ ഒരാളായിരുന്നു ഹൈബി ഈഡൻ. മുതിർന്ന നേതാക്കളെല്ലാം തരൂരിനെതിരെ രംഗത്തെത്തിയപ്പോഴായിരുന്നു തരൂരിന് പരസ്യ പിന്തുണയുമായി ഹൈബി എത്തിയത്.
തരൂരിനെ പിന്തുണച്ച് അന്ന് ഹൈബി പങ്കിട്ട കുറിപ്പിന് ലഭിച്ചത് 92,000 ത്തോളം ലൈക്കുകളായിരുന്നു. ഇന്നേവരയുള്ള ഹൈബിയുടെ പോസ്റ്റുകൾക്ക് ലഭിച്ചതിനെക്കാൾ ഏറ്റവും വലിയ 'പിന്തുണ'.

ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ടപ്പോൾ പോലും ഹൈബിയുടെ കുറിപ്പിന് ഇത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ തരൂരിന്റെ വിജയത്തെ കുറിച്ച് പങ്കിട്ട കുറിപ്പിന് താഴെയും അണികൾ കമന്റ് കൊണ്ട് നിറയ്ക്കുകയാണ്. 'ഷമ്മി ഹീറോയാടാ' എന്നാണ് ഹൈബ കുറിപ്പിട്ടത്. എല്ലാ പിസിസികളും ഒന്നിച്ചിട്ടും ഒറ്റയാൾ പോരാട്ടം നടത്തിയ തരൂർ തന്നെയാണ് ഹീറോയെന്നായിരുന്നു പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച കമന്റ്. മറ്റ് ചില കമന്റുകൾ ഇങ്ങനെ

'ഈ 1072 പേരിലാണ് കോൺഗ്രസ്സിന്റെ ഭാവിയും,പ്രതീക്ഷയും.ഈ പാർട്ടിക്ക് മാറ്റവും,ഉണർവ്വും വേണമെന്ന് ആഗ്രഹിക്കുന്ന 1072 പേർ.അധികാരം ആരുടെയും ഔദാര്യമായൊ,ദാനമായൊ ലഭിക്കാത്ത ആ 1072 പേർ.നാളെകളിൽ തങ്ങളുടെ സ്ഥാനങ്ങൾ ഒരുപക്ഷേ നഷ്ടപ്പെട്ടേക്കാം എന്ന് അറിഞ്ഞിട്ടും ഒരു പോരാട്ടത്തിന് ഇറങ്ങിയ ശശി തരൂർ അടക്കമുളള ആ 1072 പേർ.നിങ്ങളോട് ഈ പാർട്ടിയും,സാധാരണ കോൺഗ്രസ്സ് പ്രവർത്തകരും ഒരുപാട് കടപ്പെട്ടിരിക്കുന്നു.കാരണം നിരാശയുടെ പടുകുഴിയിൽ നിന്നും ഞങ്ങളെ പ്രത്യാശയുടെ വെളളി വെളിച്ചത്തിലേക്ക് നയിക്കാൻ ശ്രമിച്ചതിന്'

'9497ൽ 1072 വോട്ടെന്നു പറയുന്നത് ചില്ലറ കാര്യമല്ല- പ്രത്യേകിച്ചും നെഹ്രു കുടുംബത്തിൻ്റെയോ ജി 23 എന്ന വിമത സംഘത്തിന്റെ പോലുമോ പിന്തുണയില്ലാതെ മത്സരിക്കുമ്പോൾ'
'ശശി തരൂരും പിന്നെ നിങ്ങൾ യുവ നിരയുമാണ് ഞങ്ങളുടെ കരുത്ത്.പുതിയ പ്രസിഡന്റിന് പാർട്ടിയെ വെന്റിലേറ്ററിൽ നിന്നും മരണ കിടക്കയിൽ എത്തിക്കാതെ പുതു ജീവൻ നൽകാൻ സാധിക്കട്ടെ '

'പാർട്ടിയോടു കൂറില്ലാത്ത.അധികാര കൊതിയന്മാരായ.വിധേയത്വമെന്നത് അലങ്കാരമാണെന്നു കരുതുന്ന 7897 പേരുടെ ഹീറോ.ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഹീറോയും പ്രതീക്ഷയും ഇപ്പോളും തരൂർ തന്നെയാണ്'
'സാധാരണ കോൺഗ്രസ്സ് കാർക്ക് വോട്ടവകാശം ഉണ്ടായിരുന്നെങ്കിൽ ശശി തരൂർ വിജയിക്കുമായിരുന്നു.നിലവിൽ വോട്ടവകാശം ഉള്ളവർ എല്ലാം നോമിനികളാണ് 'തെരഞ്ഞെടുക്കപ്പെട്ടവർ അല്ല
നോമിനികൾക്ക് കൂറ് അവരെ നോമിനേറ്റട് ചെയ്തവരോടായിരിക്കും'.












Click it and Unblock the Notifications