തന്നെ കുടുക്കാന്‍ ദില്ലി പോലീസ് ശ്രമിക്കുന്നു: ശശി തരൂര്‍
തിരുവനന്തപുരം: തന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ പ്രതി ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശശി തരൂര്‍. കേസില്‍ തന്നെ കുടുക്കാനാണ് ദില്ലി പോലീസിന്റെ ശ്രമം. തരൂര്‍ ദില്ലി പൊലീസ് കമ്മിഷണര്‍ക്ക് അയച്ച കത്തിലാണ് ഇങ്ങനെയൊരു കാര്യം പറയുന്നത്. തന്റെ സുഹൃത്തായ നാരായണന്‍ സിംഗിനെ ഭീഷണിപ്പെടുത്തി കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതായും തരൂര്‍ ആരോപിക്കുന്നു.
കഴിഞ്ഞ നവംബറില്‍ ചോദ്യം ചെയ്ത നാരായണനെ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ തനിക്കെതിരെ മൊഴിനല്‍കാന്‍ ജോലിക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 12ന് ദില്ലി പൊലീസ് കമ്മിഷണര്‍ക്ക് അയച്ച കത്തിലാണ് ഇത്തരം കാര്യങ്ങള്‍ തരൂര്‍ ആരോപിക്കുന്നത്. കത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നു.

ഇത്തരം നീജമായ പ്രവര്‍ത്തിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും തരൂര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ദില്ലി പോലീസ് ചൊവ്വാഴ്ചയാണ് സ്ഥിരീകരിച്ചത്. തന്റെ ഭാര്യയുടെ മരണം കൊലപാതകമാണെന്ന വിവരം ഞെട്ടിപ്പിച്ചു എന്നാണ് തരൂര്‍ പ്രതികരിച്ചത്.
സമഗ്രമായ അന്വേഷണം വേണമെന്നും, ഇതിനായി പോലീസിനോട് പൂര്‍ണമായി സഹകരിക്കുമെന്നുമാണ് തരൂര്‍ വ്യക്തമാക്കിയത്. സുനന്ദയുടെ മരണം അന്വേഷിക്കാന്‍ ദില്ലി പോലിസ് പ്രത്യേക സംഘത്തെയും രൂപീകരിച്ചു കഴിഞ്ഞു. തരൂരിന്റെ ട്വിറ്റര്‍ പോസ്റ്റുകളും, ഇ മെയിലുകളും പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications