'കോൺഗ്രസിനെ എതിർക്കുന്നവർ പോലും എനിക്ക് വോട്ട് ചെയ്യും, എന്നെ വേണ്ടെങ്കിൽ മറ്റ് വഴികളുണ്ട്'; ശശി തരൂർ
തിരുവനന്തപുരം: വിവാദങ്ങൾ പുകയുന്നതിനിടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ പാർട്ടി കൂടുതൽ വോട്ടർമാരിലേക്ക് പ്രവർത്തനം വിപുലീകരിക്കണമെന്ന് ശശി തരൂർ എംപി. പുതിയ വോട്ടർമാരെ ആകർഷിക്കാനുള്ള പ്രവർത്തനം നടത്തണമെന്നാണ് തരൂർ പറയുന്നത്. അല്ലെങ്കിൽ മൂന്നാമതും പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ശശി തരൂർ കേരളത്തിലെ കോൺഗ്രസിന് നൽകുന്നുണ്ട്.
കേരളത്തിലെ കോൺഗ്രസിന് ശക്തനായ ഒരു നേതാവിന്റെ അഭാവമുണ്ടെന്നും തരൂർ ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ എക്‌സ്പ്രസിന്റെ മലയാളം പോഡ്‌കാസ്‌റ്റ് ആയ വർത്തമാനത്തിൽ സംസാരിക്കുകയായിരുന്നു തരൂർ. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിൽ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശത്തെ ജനങ്ങൾ പിന്തുണച്ചുവെന്നതിന്റെ തെളിവാണ് തിരുവനന്തപുരം എംപിയായി നാലുതവണ താൻ തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക് വേണ്ടി എപ്പോഴും അദ്ദേഹം ലഭ്യമാണെന്നും എന്നാൽ കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ തനിക്ക് മുൻപിൽ മറ്റ് വഴികൾ ഉണ്ടെന്നും ശശി തരൂർ പറഞ്ഞു. സംസ്ഥാന കോൺഗ്രസിൽ ശശി തരൂരിനെതിരെ ഉയർന്ന എതിർപ്പ് ശക്തമായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത മുന്നേറ്റത്തിന് ശേഷം തുടർച്ചയായി അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ, പാർട്ടിക്ക് തങ്ങളുടെ പ്രതിബദ്ധതയുള്ള വോട്ടർ അടിത്തറയിൽ നിന്ന് പുറത്തായി ആളുകളെ കൂടുതലായി ആകർഷിക്കേണ്ടതുണ്ടെന്ന് തരൂർ പറഞ്ഞു, തനിക്ക് വ്യക്തിപരമായി ലഭിച്ച പിന്തുണ ഇതിന് ഒരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് തങ്ങളുടെ വോട്ടർ അടിത്തറ വിപുലീകരിക്കാൻ ശ്രമിച്ചില്ലെങ്കിൽ, അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും തരൂർ ചൂണ്ടിക്കാട്ടി. 'ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിന് തങ്ങളുടെ വോട്ട് അടിത്തറ കൊണ്ട് മാത്രം വിജയിക്കാനാവില്ല. അതൊരു യാഥാർത്ഥ്യമാണ്. ദേശീയ തലത്തിൽ നോക്കിയാൽ കോൺഗ്രസിന്റെ വോട്ട് ഏകദേശം 19 ശതമാനം ആയിരുന്നു.' തരൂർ പറയുന്നു.
'നമ്മുടെ സ്വന്തം വോട്ട് ബേസ് കൊണ്ട് നമുക്ക് എല്ലാം സുഖകരമാവുമോ? 26-27% അധികമായി കിട്ടിയാലേ അധികാരത്തിലെത്താൻ കഴിയൂ. അതിനാൽ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഞങ്ങളെ പിന്തുണയ്ക്കാത്തവരെ ഞങ്ങൾക്ക് ആവശ്യമുണ്ട്.' അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ തന്റെ തിരഞ്ഞെടുപ്പ് വിജയവും തരൂർ എടുത്തുകാട്ടി.
ഞാൻ സംസാരിക്കുന്നതും എന്റെ പെരുമാറ്റവും ആളുകൾ ഇഷ്‌ടപ്പെടുന്നു. പൊതുവെ കോൺഗ്രസിനെ എതിർക്കുന്നവർ പോലും എനിക്ക് വോട്ട് ചെയ്‌തിട്ടുണ്ട്. അതാണ് 2026ൽ ഞങ്ങൾ ആഗ്രഹിക്കുന്നത്; തരൂർ പറഞ്ഞു. യുഡിഎഫിലെ കോൺഗ്രസിന്റെ സഖ്യകക്ഷികൾ പോലും തന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും തരൂർ പറഞ്ഞു.












Click it and Unblock the Notifications