'ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാത്തതിൽ ലജ്ജ തോന്നുന്നു'; വിഴിഞ്ഞത്തിൽ ശശി തരൂർ, പിന്നാലെ പരിഹാസവും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടന ചടങ്ങിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാത്തതിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ എംപി രംഗത്ത്. ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്‌മരിക്കുന്നുവെന്നും ഔദ്യോഗിക പ്രഭാഷകരിൽ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നുവെന്നും ശശി തരൂർ തന്റെ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
നേരത്തെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാത്തതിൽ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്. പദ്ധതിക്ക് തറക്കല്ലിട്ടത് ഉമ്മൻ ചാണ്ടി ആണെന്നും അദ്ദേഹമാണ് ഇതിന്റെ കാരണക്കാരനെന്നും വിവിധ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരും വിഷയം പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

'വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷൻ ചെയ്‌ത ഈ ദിവസത്തിൽ ഈ പദ്ധതിക്ക് നേതൃത്വം നൽകിയ, യഥാർത്ഥ കമ്മീഷനിംഗ് കരാറിൽ ഒപ്പുവെച്ച്, ഇന്ന് നമ്മൾ ആഘോഷിച്ച പ്രവൃത്തികൾക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്‌മരിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു' തരൂർ പറഞ്ഞു.
'ഔദ്യോഗിക പ്രഭാഷകരിൽ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നു- അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാൻ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കിൽ സംസാരിക്കാൻ അവസരം ലഭിച്ചതുമില്ല' എന്നും തിരുവനന്തപുരം എംപി കൂടിയായ ശശി തരൂർ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ ആരോപിച്ചു.
എന്നാൽ പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് തരൂരിനെ പരിഹസിച്ചു കൊണ്ടിരിക്കുന്നത്. ഇത്രയും വൈകിയ വേളയിൽ എന്തിനായിരുന്നു ഈ പോസ്‌റ്റ് എന്നായിരുന്നു പലരുടെയും ചോദ്യം. ബിജെപി നേതാക്കൾ ഉറങ്ങിയതിന് ശേഷം പോസ്‌റ്റിടാമെന്നായിരുന്നു ധാരണ എന്നാണ് ഒരാൾ തരൂരിന്റെ പോസ്‌റ്റിന് താഴെ നൽകിയിരിക്കുന്നത് കമന്റ്, പശുവും ചത്തു മോരിലെ പുളിയും പോയി എന്നാണ് മറ്റൊരാൾ കമന്റിട്ടത്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ചിരുന്നു. 'ഉമ്മൻ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു' എന്നായിരുന്നു സതീശൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്‌ഘാടനം ഇന്നലെയാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെയും ഗൗതം അദാനിയുടെയും മറ്റ് ജനപ്രനിധികളുടെയും സാന്നിധ്യത്തിലായിരുന്നു കമ്മീഷനിംഗ് നടന്നത്. പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നുകണ്ട ശേഷം 11 മണിയോടെയാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടന വേദിയിൽ എത്തിയത്.
സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ നാഴിക കല്ല് തന്നെയാണ് തുറമുഖം. ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വഴിഞ്ഞത്തുള്ളത്. മദർഷിപ്പുകൾ അടുപ്പിക്കാൻ അനുയോജ്യമായ പ്രധാന തുറമുഖമാണ് വിഴിഞ്ഞത്തുള്ളത്. വരുമാനത്തിലും അന്താരാഷ്ട്ര വാണിജ്യ കാര്യത്തിലും ഒക്കെ വിഴിഞ്ഞം മുന്നേറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
അതിനിടയിലാണ് തുറമുഖത്തിന്റെ യഥാർത്ഥ സൃഷ്‌ടാവ് ആരെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നത്. ഉമ്മൻചാണ്ടിയാണ് ഇതിന് കാരണക്കാരൻ എന്ന നിലയിലാണ് കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ നിലപാട് വ്യക്തമാക്കിയത്. എന്നാൽ നായനാർ സർക്കാരിന്റെ കാലത്താണ് പദ്ധതിയുടെ തുടക്കമെന്നാണ് സിപിഎം പറയുന്നത്. മറുവശത്ത് കേന്ദ്ര സർക്കാരും അവകാശവാദങ്ങളുമായി രംഗത്തുണ്ട്.












Click it and Unblock the Notifications