പ്രളയത്തിലും സുവര്‍ണാവസരങ്ങള്‍ തേടുന്ന വിഷജന്തുക്കള്‍: വിദ്വേഷ പ്രചരണത്തിനെതിരെ ഷിബു ബേബി ജോണ്‍
കൊല്ലം : പ്രളയ കാലത്തും സോഷ്യല്‍ മീഡിയയിലൂടെ മത വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതെിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ എസ് പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. പ്രളയത്തിലും സുവര്‍ണാവസരങ്ങള്‍ തേടുന്ന വിഷ ജന്തുക്കള്‍ എന്ന തലക്കെട്ടോട് കൂടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം .
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില വിദ്വേഷ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മനുഷ്യര്‍ ഒരിക്കലും ഐക്യപ്പെടരുത് എന്ന് കരുതുന്ന ചില വിഷജന്തുക്കളാണ് ഈ അപകട സന്ധിയിലും ജനങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിയ്ക്കുന്നതെന്ന് ഷിബു ബേബി ജോണ്‍ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ സ്വന്തം അക്കൗണ്ടുകള്‍ ഉപയോഗിച്ചും ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയും അവര്‍ നമുക്കിടയില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് മതിലുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

പ്രളയത്തിലും സുവര്‍ണാവസരങ്ങള്‍ തേടുന്ന വിഷജന്തുക്കള്‍. ഒരു അപകടം സംഭവിക്കുമ്പോള്‍ ജാതി-മത- രാഷ്ട്രീയ- ദേശ ഭേദമന്യേ മനുഷ്യന്‍ കൈകോര്‍ക്കണമെന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒഴുകിവരുന്ന പ്രളയജലത്തില്‍ കൈകാലിട്ടടിക്കുമ്പോള്‍ ഒരു കൈ തന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറ്റുന്നവന്‍ സ്വന്തം ജാതിയോ മതമോ കുലമോ ഗോത്രമോ ആയിരിക്കണമെന്നില്ല.

2018 ലും 2019 ലും പ്രകൃതിദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ സഹായിക്കാന്‍ ഓടിയെത്തിയ മറ്റ് സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും മാനവികതയുടെ സന്ദേശമാണ് ഉയര്‍ത്തിയതും. എന്നാല്‍ മനുഷ്യര്‍ ഒരിക്കലും ഐക്യപ്പെടരുത് എന്ന് കരുതുന്ന ചില വിഷജന്തുക്കളാണ് ഈ അപകടസന്ധിയിലും ജനങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിയ്ക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളിലെ സ്വന്തം അക്കൗണ്ടുകള്‍ ഉപയോഗിച്ചും ഫെയ്ക്ക് അക്കൗണ്ടുകളിലൂടെയും അവര്‍ നമുക്കിടയില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് മതിലുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് മതസ്ഥരുടെ പേരില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി അന്യമതങ്ങള്‍ തമ്മില്‍ തല്ലുന്നത് കണ്ട് രസിക്കുന്ന ചെന്നായകൂട്ടങ്ങളാണവര്‍. അവരുടെ രാഷ്ട്രീയം തന്നെ വിഭജനത്തിന്റെതാണ്.

സമൂഹം ഒന്നിച്ചുനിന്നാല്‍ അവരുടെ വിഭജനരാഷ്ട്രീയം അപ്രസക്തമാകുമെന്ന് തിരിച്ചറിഞ്ഞാണ് ഈ പ്രളയകാലത്തും പല കുതന്ത്രങ്ങളുമായി മുഖംമൂടി അണിഞ്ഞ ചെകുത്താന്‍മാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ അഴിഞ്ഞാടുന്നത്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാടെടുത്താണ് സ്റ്റാലിന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ഇന്നും അത്തരത്തിലൊരാളെ അറസ്റ്റ് ചെയ്തതായി വാര്‍ത്തകളുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ഈ വിദ്വേഷ പ്രചാരകരെ കണ്ടില്ലെന്ന് നടിയ്ക്കുകയാണ് നമ്മുടെ ക്രമസമാധാന പാലകരും സര്‍ക്കാരും. അതോ വ്യാജപ്രചരണങ്ങളും വിദ്വേഷ പ്രചരണങ്ങളും കഴിയുന്നത്ര ചെയ്‌തോളു എന്ന മൗനസമ്മതമോ?

അധികൃതരുടെ ഈ അര്‍ഥഗര്‍ഭമായ മൗനം ഈ നാടിന്റെ ഐക്യവും സമാധാനവും തകരുന്നതിന് കാരണമായേക്കും. നാടിന്റെ നന്മയാണ് നിങ്ങള്‍ ഉറപ്പാക്കുന്നതെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ വിലസാന്‍ വിടാതെ ഇത്തരം വിഷജീവികള്‍ക്ക് പ്രത്യേക കൂട് പണിയാന്‍ കൂടി അധികൃതര്‍ തയ്യാറാകണം- ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ പിന്തുണയുമായി രംഗത്തെത്തുന്നത്. ഈ ഫേക്ക് ഐഡികളെ പൊക്കി നല്ല നാലിടി കൊടുക്കാന്‍ നട്ടെല്ലുള്ള അഭ്യന്തര വകുപ്പ് ഇല്ലാതായിപ്പോയി എന്നായിരുന്നു ഒരാള്ഡ കുറിച്ച കമന്റ്.
സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications