'നായനാരുടെ കാലത്തെ സിപിഎം അല്ല, ഇന്നത്തെ സിപിഎം', കോടിയേരിക്ക് മറുപടിയുമായി ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ഷിബു ബേബി ജോണ്‍. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ വഴി കേന്ദ്രം ഇടപെടല്‍ നടത്താതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത് എന്നാണ് കോടിയേരി പറഞ്ഞത്. ലോകായുക്ത നിയമം നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
ഷിബു ബേബി ജോണിന്റെ പ്രതികരണം: '' നായനാരുടെ കാലത്തെ ഇന്ത്യയല്ല, ഇന്നത്തെ ഇന്ത്യയെന്ന് കോടിയേരി... നായനാരുടെ കാലത്തെ സിപിഎം അല്ല, ഇന്നത്തെ സിപിഎം എന്ന് പറയുന്നതാകും കൂടുതല്‍ ഉചിതം. അന്ന് സിപിഎമ്മിനുള്ളില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇടമുണ്ടായിരുന്നു. ഇന്ന് തീവ്ര വലതുപക്ഷത്തേക്കാള്‍ വലത്തേയ്ക്ക് ചാഞ്ഞ പാര്‍ട്ടിയായി അത് മാറിയിരിക്കുന്നു. അന്ന് മൂല്യങ്ങള്‍ക്ക് വില നല്‍കുന്നവര്‍ ആ പാര്‍ട്ടിയ്ക്കകത്ത് ഉണ്ടായിരുന്നു. ഇന്ന് സത്യത്തെ ഭയക്കുന്നവരാണ് ആ പാര്‍ട്ടിയെ നയിക്കുന്നത്.

അന്ന് വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയായിരുന്നു. ഇന്ന് വര്‍ഗീയതയെ എങ്ങനെ മുതലാക്കി വോട്ടാക്കാം എന്ന് കരുതുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു. അന്ന് പാവപ്പെട്ടവന്റെ പാര്‍ട്ടിയായിരുന്നു. അവരുടെ സുഖ-ദുഃഖങ്ങളിൽ പങ്ക് ചേരാൻ മനസ്സുള്ള നേതാക്കന്മാർ ഉണ്ടായിരുന്നു. ഇന്ന് പാവപ്പെട്ടവര്‍ക്ക് അപ്പക്കഷ്ണം ഇട്ടുകൊടുത്ത് മേനി പറയുന്ന മുതലാളിത്ത മനോഭാവമുള്ള പാര്‍ട്ടിയായി അധ:പതിച്ചിരിക്കുന്നു. അന്ന് അഴിമതിയ്‌ക്കെതിരെ നിലകൊണ്ട പാര്‍ട്ടിയായിരുന്നു. ഇന്ന് അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കാൻ ലോകായുക്തയുടെയും വിജിലൻസിന്റെയും ചിറകരിയുന്ന പാർട്ടിയായി മാറിയിരിക്കുന്നു.
എന്റെ എല്ലാ പോസ്റ്റുകൾക്കടിയിലും കുറേ സുഹൃത്തുക്കള്‍ വന്ന്, എന്റെ പിതാവ് ഇടതുമുന്നണിയുടെ നേതാവായിരുന്നില്ലേ എന്ന് ഞാനും ആർഎസ്പിയും എന്തോ അപരാധം ചെയ്ത മട്ടിൽ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്, മറ്റു ചിലർ ഇടതുമുന്നണിയിലേയ്ക്ക് സ്വാഗതം ചെയ്യാറുമുണ്ട്. ശരിയാണ്, സ. ബേബി ജോണ്‍ കുറേക്കാലം ഇടത് മുന്നണി നേതാവായിരുന്നു. എന്നാല്‍ അന്ന് ഇന്നത്തെ ഇടതുമുന്നണി ആയിരുന്നില്ല എന്നാണ് ഇന്ന് കോടിയേരി ഓര്‍മിപ്പിച്ചത്. അന്ന് ഇടതുമുന്നണി എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം തന്നെയായിരുന്നു. എന്നാല്‍ ഇന്ന് രാജസദസ്സിനെ അനുസ്മരിപ്പിക്കും വിധം, സിപിഎമ്മിന്റെ മുൻപിൽ പഞ്ചപുച്ഛമടക്കി ഒച്ചാനിച്ചു നിൽക്കുന്ന ഘടകകക്ഷികളുടെ കൂട്ടായ്മ മാത്രമായി എൽഡിഎഫ് അധഃപതിച്ചിരിക്കുന്നു. ഞങ്ങളെടുത്ത നിലപാട് ശരിയായിരുന്നു. നായനാരുടെയും, ഇ ചന്ദ്രശേഖരൻ നായരുടെയും ബേബിജോണിന്റെയും കാലത്തെ ഇടതുപക്ഷ മുന്നണി എന്നേ മരിച്ചു. അത് തിരിച്ചുവരുന്ന കാലത്ത് ആലോചിക്കാം''.












Click it and Unblock the Notifications