സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. അതേസമയം മുന്‍ വയനാട് ഡിവൈഎസ്പി വിജി കുഞ്ഞന്‍ അന്വേഷണത്തെ സഹായിക്കും.
അതേസമയം ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. അതേസമയം അന്വേഷണം നടത്തി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നല്‍കണം. വൈസ് ചാന്‍സലറുടെയും ഡീനിന്റെയും വീഴ്ച്ചകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം കമ്മീഷന്റെ പ്രവര്‍ത്തന ചെലവ് സര്‍വകലാശാല അക്കൗണ്ടില്‍ നിന്നായിരിക്കും. സര്‍വകലാശാല ചട്ടം ഉപയോഗിച്ചാണ് ഗവര്‍ണ്‍ ഈ കേസില്‍ ഇടപെട്ടിരിക്കുന്നത്. നേരത്തെ സിദ്ധാര്‍ത്ഥന്റെ പിതാവ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളില്‍ തൃപ്തിയില്ലെന്ന തരതരത്തിലാണ് അദ്ദേഹം ഗവര്‍ണറോട് സംസാരിച്ചത്.
കൂടുതല്‍ നടപടികള്‍ ഇതിന് പിന്നാലെ ഗവര്‍ണര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് ഗവര്‍ണര്‍ കടന്നത്. സിബിഐ അന്വേഷണത്തില്‍ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം സിബിഐയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തരവ് വന്നിട്ടും ഇത് കൈമാറാന്‍ വൈകിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.
സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച രേഖകള്‍ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറിയിട്ടുണ്ട്. കേസ് സിബിഐക്ക് വിടുന്നതിന്റെ വിജ്ഞാപനം ഇറങ്ങിയത് ഈ മാസം ഒന്‍പതിനായിരുന്നു. എന്നാല്‍ ഇക്കാര്യം സിബിഐയെ ഔദ്യോഗികമായി അറിയിച്ചത് 16ന് ആണ്. സിദ്ധാര്‍ത്ഥിന്റെ മാതാവിന്റെ അപേക്ഷ പിതാവാണ് നേരിട്ടെത്തി മുഖ്യമന്ത്രിക്ക് കൈമാറിയത്. സിബിഐ അന്വേഷണം ആവാം എന്ന നിലപാടാണ് മുഖ്യമന്ത്രിയും സ്വീകരിച്ചത്.












Click it and Unblock the Notifications