സിദ്ധാർത്ഥന്റെ മരണം; അന്വേഷണം ഏറ്റെടുത്ത് സിബിഐ, സുപ്രധാന ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഏറ്റെടുത്ത് സിബിഐ. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. കേസിൽ ആത്മഹത്യാ പ്രേരണ, കൊലപാതകം, ഗൂഢാലോചന എന്നിവ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഉത്തരവിൽ ആവശ്യപ്പെടുന്നത്.
നേരത്തെ കേസിൽ അന്വേഷണം ആരംഭിക്കാനുള്ള നടപടികൾ സിബിഐ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നാലോളം സിബിഐ ഉദ്യോഗസ്ഥർ കേരളത്തിൽ എത്തുകയും ചെയ്‌തിരുന്നു. എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സംഘം ഇവിടേക്ക് എത്തിയത്. കേസിൽ അന്വേഷണം സിബിഐക്ക് കൈമാറിയതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്രം സംസ്ഥാന സർക്കാരിന് കൈമാറുകയും ചെയ്‌തിട്ടുണ്ട്.

നിലവിൽ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന കൽപ്പറ്റ ഡിവൈഎസ്‌പിയുമായി സംഘം കണ്ണൂരിൽ വെച്ച് കൂടിക്കാഴ്‌ച നടത്തുകയുമുണ്ടായി. നിരന്തരമായ ആവശ്യങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ മാർച്ച് 9നാണ് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് വിട്ട് കൊണ്ടുള്ള ഉത്തരവിറക്കിയത്.
എന്നാൽ സിബിഐ കേസ് ഏറ്റെടുക്കാൻ വൈകിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് സിദ്ധാർത്ഥന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറക്കണമെന്ന് ഹൈക്കോടതി ഇന്ന് കേന്ദ്ര സർക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ തിരക്കിട്ടുള്ള നടപടി.
അതിനിടെ കേസിലെ നടപടിക്രമങ്ങൾ വൈകിയതിൽ ആഭ്യന്തര സെക്രട്ടറി ഇന്ന് വിശദീകരണം തേടിയിരുന്നു. ഡിജിപിയോടാണ് വിശദീകരണം തേടിയത്. സംഭവത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേസിൽ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വികെ, സെക്‌ഷൻ ഓഫിസർ ബിന്ദു, അസിസ്‌റ്റന്റ് അഞ്ജു എന്നിവരാണ് നടപടി നേരിട്ടത്. പെർഫോമ റിപ്പോർട്ട് സിബിഐക്ക് നൽകാൻ വൈകിയതിലാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെടുത്തത്.
പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നു മരണപ്പെട്ട സിദ്ധാർത്ഥൻ. അതിക്രൂരമായ മർദ്ദനവും മറ്റ് മാനസിക പീഡനങ്ങളും ഉൾപ്പെടെയാണ് സിദ്ധാർത്ഥന്റെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ ഉൾപ്പടെയാണ് പ്രതി ചേർത്തിരിക്കുന്നത്. സിബിഐ അന്വേഷണത്തിൽ കൊലപാതക സാധ്യത ഉൾപ്പെടെ പരിശോധിച്ചേക്കും.












Click it and Unblock the Notifications