സിദ്ധാർത്ഥന്റെ മരണം; കടുത്ത നടപടിയുമായി ഗവർണർ, വെറ്ററിനറി സര്‍വകലാശാല വിസിക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ വിസിക്കെതിരെ നടപടിയെടുത്ത് ഗവർണർ. വിസിയെ സസ്പെൻഡ് ചെയ്‌തതായി ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെറ്റിനറി സർവകലാശാല വിസി എംആർ ശശീന്ദ്രനാഥിനെതിരെയാണ് അപൂർവമായ ഈ നടപടി. സർക്കാർ നടപടി എടുക്കാതിരിക്കെയാണ് ഗവർണറുടെ ഇടപെടൽ.
മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവർണർ ആരോപിച്ചു. സംഭവത്തിൽ സർവകലാശാലയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്‌ചയുണ്ടായെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. കേസിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഗവര്‍ണര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്‌ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് ഗവർണർ അറിയിച്ചത്.

സിദ്ധാർത്ഥന്റെ മരണം നടന്നിട്ടും യൂണിവേഴ്‌സിറ്റി ചട്ടങ്ങൾ അനുസരിച്ച് വിസി കൃത്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. വിസി ചുമതലകളിൽ വീഴ്‌ച വരുത്തിയെന്നത് യൂണിവേഴ്‌സിറ്റി നൽകിയ റിപ്പോർട്ടുകളിലും വ്യക്തമാണ്. യൂണിവേഴ്‌സിറ്റിയിൽ നടന്ന സംഭവങ്ങളിൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റ് ആക്‌ട് 2010ലെ സെക്ഷൻ 9 (9) അനുസരിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ഇതിനാണ് ജഡ്‌ജിയുടെ സേവനം തേടാൻ ഗവർണർ തീരുമാനിച്ചത്.
വെറ്ററിനറി സർവകലാശാലയ്ക്കും വിസിക്കുമെതിരെയുള്ള ആരോപണങ്ങൾക്ക് പുറമെ കേസിലെ എസ്എഫ്ഐയുടെ പങ്കും ആരിഫ് മുഹമ്മദ് ഖാൻ പേരെടുത്ത് പറഞ്ഞു. ക്യാംപസിൽ എസ്എഫ്‌ഐ- പിഎഫ്ഐ കൂട്ടുകെട്ടാണുള്ളതെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. കൂടാതെ എല്ലാ ഹോസ്‌റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്ഐ ഓഫിസാക്കുകയാണെന്നും ഗവർണർ ചൂണ്ടക്കാട്ടി.
അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തിലെ മുഖ്യപ്രതികള്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. സിന്‍ജോ ജോണ്‍സന്‍, കാശിനാഥന്‍ എന്നിവരാണ് പിടിയിലായത്. സിന്‍ജോയുടെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയോടായിരുന്നു പോലീസ് നീക്കം. കാശിനാഥന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം പതിമൂന്ന് ആയി.
ഇതിനിടെ സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂക്കോട് സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘർഷവുമുണ്ടായി. സര്‍വകലാശാലയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാര്‍ച്ച് പോലീസ് തടയുകയായിരുന്നു. ഇതോടെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു.
ഇതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ കൂട്ടമായി ബാരിക്കേഡിന് പുറത്ത് നിന്ന് പ്രതിഷേധിക്കുകയായിരുന്നു. കുറച്ച് പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടി കടന്ന് ക്യാമ്പസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നേതാക്കള്‍ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടെ ക്യാമ്പസിലെ ജീവനക്കാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചതും വാക്കേറ്റത്തിന് ഇടയാക്കി.












Click it and Unblock the Notifications