സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അടക്കം മൂന്ന് പേർ കൂടി കീഴടങ്ങി
വയനാട്: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയരായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്ന് പേർ പോലീസിന് മുൻപിൽ കീഴടങ്ങി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനാണ് കീഴടങ്ങിയത്. കോളേജ് യൂണിയൻ ചെയർമാൻ അരുണും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. ഇയാൾ മാനന്തവാടി സ്വദേശിയാണ്.
കൽപറ്റയിലെ ഡിവൈഎസ്‌പി ഓഫീസിലെത്തിയാണ് ഇവർ കീഴടങ്ങിയത്. പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. ഇന്ന് ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തും. മിനിഞ്ഞാന്ന് രാത്രി കസ്‌റ്റഡിയിലെടുത്ത അഖിലിന്റെ അറസ്‌റ്റും രേഖപ്പെടുത്തിയതോടെ, ആകെയുള്ള 18 പ്രതികളിലെ 10 പേരും പോലീസ് പിടിയിലായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.

സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാർത്ഥി പ്രതിനിധി കൂടിയാണ് അരുൺ. രാത്രി വൈകിയാണ് ഇയാൾ കീഴടങ്ങിയത്. ആദ്യം പ്രതി ചേർത്ത 12 പേരിൽ ഒരാളാണ് അരുൺ. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ഇതിന് പുറമെ ക്രിമിനിൽ ഗൂഢാലോചന ശരിവക്കുന്ന തെളിവുകൾ പോലീസ് ശേഖരിക്കുകയാണ്. അതിനിടെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അതേസമയം, സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണത്തില്‍ പ്രധാന പ്രതിയായ അഖിലിനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പാലക്കാട് നിന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ആക്രമണം ആസൂത്രണം ചെയ്‌തത് പ്രധാനപ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ പ്രതികളെ ഹോസ്‌റ്റലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
ഫെബ്രുവരി 18നായിരുന്നു ഹോസ്‌റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർത്ഥിന് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നുവെന്നാണ് ഇതുവരെ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഹോസ്‌റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണയും ആരും സഹായത്തിന് എത്താത്ത അവസ്‌ഥയും എല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.സിദ്ധാർത്ഥിന്റെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി പുറംലോകം അറിഞ്ഞത്. പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications