സില്‍വർ ലൈന്‍ ഡിപിആർ: സർക്കാർ നിയമസഭയേയും ജനങ്ങളേയും കബളിപ്പിച്ചു: വിഡ സതീശന്‍
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സർക്കാർ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അൻവർ സാദത്ത് എം എൽ എ നിയമസഭയിൽ 27.10.21 ന് പദ്ധതി ഡി പി ആർ ആവശ്യപ്പെട്ട് നൽകിയ ചോദ്യത്തിനുള്ള മറുപടി പോലും പൂഴ്ത്തി വയ്ക്കാനാണ് സർക്കാർ ശ്രമിച്ചത്. മറുപടി നൽകാത്തത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് ഗത്യന്തരമില്ലാതെ സർക്കാരിന് ഡി പി ആർ പ്രസിദ്ധീകരിക്കേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു.
എന്നാൽ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായി നൽകിയ ഡി പി ആർ രേഖകൾ അപൂർണവും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമാണ്. പൂർണ്ണ ഡി പി ആർ പുറത്തുവിടാൻ സർക്കാർ തയാറാകാത്തത് ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. അലൈൻമെന്റ് ഡ്രോയിങ് പരിശോധിച്ചാൽ 115 കി. മീ. ദൂരം വരെയുള്ള ട്രാക്കിന്റെ വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 115 മുതൽ 530കി. മീ. വരെയുള്ള ദൂരത്തിന്റെ ഡ്രോയിങ് ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ പല സ്റ്റേഷനുകൾ സംബന്ധിച്ചും പൂർണമായ ഡാറ്റ ഡി പി ആർ ൽ ഇല്ല. ഏറ്റവും പ്രധാനമായി പദ്ധതിയുടെ Techno-Economic feasibility സംബന്ധിച്ച് വ്യക്തമായ രേഖകളും ഉൾപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല. ഈ കാര്യങ്ങളിൽ നിന്നും ലഭ്യമാക്കിയിരിക്കുന്ന രേഖകൾ അപൂർണ്ണമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു.

നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിൽ സർക്കാർ അനാവശ്യ ധൃതി കാട്ടിയത്. പദ്ധതി നടപ്പാക്കുന്നതിനേക്കാൾ വിദേശ ഏജൻസികളിൽ നിന്നും എത്രയും വേഗം വായ്പ തരപ്പെടുത്തി കമ്മീഷൻ കൈപ്പറ്റുകയെന്നതു മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. സാമൂഹിക, പരിസ്ഥിതി ആഘാത പഠനമോ വ്യക്തമായ ഒരു പദ്ധതി രേഖയോ ഇല്ലാതെ ഇതുപോലൊരു വൻകിട പദ്ധതിയുടെ പേരിൽ പൊതുജനത്തെ ഭീതിയിയിലാഴ്ത്തി സർക്കാർ നടത്തുന്ന ഒളിച്ചുകളി അഴിമതി ലക്ഷ്യമിട്ടുള്ളതല്ലെങ്കിൽ പിന്നെ എന്താണ്?
നിയമസഭയെയും പൊതുജനത്തെയും പരസ്യമായി വെല്ലുവിളിച്ച് എന്തും ചെയ്യാമെന്ന സർക്കാരിന്റെയും സി പി എമ്മിന്റെയും ധാർഷ്ട്യം വിലപ്പോകില്ലെന്ന് വീണ്ടും മുന്നറിയിപ്പ് നൽകുന്നു. ഏകാധിപത്യവും ഫാസിസ്റ്റ് നിലപാടുകളും അംഗീകരിച്ചു തരാൻ ഇത് ഉത്തർപ്രദേശല്ല കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു ലേബലിൽ തീവ്ര വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന സർക്കാരിനെയും ഓർമ്മപ്പെടുത്തുന്നുവെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.
Recommended Video
സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications