വിപണിയിൽ ശരിക്കും 'വെള്ളി'ടി വെട്ടി; സ്വർണത്തിന്റെ ചുവട് പിടിച്ച് കുതിപ്പ്, ഉടൻ രണ്ട് ലക്ഷം കടക്കുമോ?
സ്വർണവില അനുദിനം കുതിച്ചുയരുകയാണ്. കേരളത്തിലും മൊത്തത്തിൽ പറഞ്ഞാൽ ഇന്ത്യയിലും സ്വർണത്തിന്റെ ഉപഭോഗം വളരെ കൂടുതലായതിനാൽ തന്നെ വില വലിയ രീതിയിൽ എല്ലാവരെയും ബാധിക്കുന്നുണ്ട്. എന്നിട്ടും മഞ്ഞലോഹത്തിന്റെയും ഒപ്പമുള്ള വെള്ളിയുടെയും വില കുതിക്കുകയാണ്. ഈ വർഷത്തെ കണക്കുകൾ എടുത്ത് നോക്കിയാൽ സ്വർണം, വെള്ളി എന്നിവയുടെ വിലയിലെ കുതിച്ചുചാട്ടം അസാധാരണമാണ്.
പലവിധ കാരണങ്ങളാണ് ഇതിനായി വിലയിരുത്തുന്നത്. അതിലൊന്നാണ് ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ്. അതിൽ ഇസ്രായേൽ-ഹമാസ് സംഘർഷത്തിന് ഔദ്യോഗിക അവസാനമായി മാറിയെങ്കിലും വിലയിൽ ഇതുവരെയുംപ്രതിഫലിച്ചിട്ടില്ല. മറുവശത്ത് യുക്രൈൻ-റഷ്യ സംഘർഷം പഴയപടി തന്നെ തുടരുകയും ചെയ്യുകയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ വരും ദിവസങ്ങളിലും വലിയൊരു കുറവൊന്നും വിലയിൽ പ്രതീക്ഷിക്കേണ്ട.

സമീപകാല സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ സുരക്ഷിത നിക്ഷേപ പദവിയിൽ സ്വർണത്തിനൊപ്പം തന്നെ പിടിമുറുക്കുകയാണ് വെള്ളിയും. ഇന്നും വിലയിൽ മുന്നേറ്റം ഉണ്ടായി. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 190 രൂപയിലെത്തിയിരിക്കുകയാണ് ഇപ്പോൾ വെള്ളിയുടെ വില. കഴിഞ്ഞ ദിവസങ്ങളിൽ വില വർധനവിന്റെ തുടർച്ചയായാണ് ഇന്നും വെള്ളിയുടെ വില കൂടിയിരിക്കുന്നത്. ഇന്നലെ മാത്രം വെള്ളി ഒരു ഗ്രാമിന് 10 രൂപ വര്‍ധിച്ചിരുന്നു.
വെള്ളിയുടെ വ്യാവസായിക ആവശ്യത്തിനൊപ്പം ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം വെള്ളിയിലേക്ക് നിക്ഷേപിക്കുന്നവരുടെ എണ്ണവും അളവും കൂടിയത് അടക്കം വിലയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കേവലം സ്വർണത്തിൽ മാത്രം നിക്ഷേപം ഒതുക്കി നിർത്താൻ ആളുകൾ തയ്യാറാവാതെ വരികയും വെള്ളിയെ അതേ പ്രാധാന്യത്തോടെ തന്നെ സമീപിക്കുകയും ചെയ്യുന്ന പുതിയ നയമാണ് നിക്ഷേപകർ സ്വീകരിക്കുന്നതെന്ന് സാരം.
കൂടുതൽ ആളുകൾ വെള്ളി ഇടിഎഫ് വാങ്ങുന്ന സവിശേഷ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇടിഎഫ് പ്രൊവൈഡർമാർ കൂടുതൽ വെള്ളി വാങ്ങുകയും ചെയ്യുന്നു. ഇതിലൂടെയാണ് വെള്ളിയുടെ ഡിമാൻഡ് ഉയരുന്നത്. ഒപ്പം വ്യാവസായിക ആവശ്യങ്ങൾക്ക് വെള്ളി കൂടുതലായി ഉപയോഗിക്കുന്നതും വില വർധനയ്ക്ക് കാരണമാകുന്ന ഘടകങ്ങളിൽ ഒന്നാണ്.
ഇങ്ങനെ പോയാൽ കിലോയ്ക്ക് വെള്ളിയുടെ വില രണ്ട് ലക്ഷത്തിലേക്ക് ദീപാവലിക്ക് മുൻപ് തന്നെ കടക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ 70 ശതമാനം വില വർധനവ് ആണ് നിലവിൽ വെള്ളിക്കുണ്ടായിരിക്കുന്നത്. ഇപ്പൊഴത്തെ സാഹചര്യത്തിൽ അടുത്തൊന്നും വെള്ളിയുടെ വില കുറയാനുള്ള സാധ്യതയുമില്ലെന്നാണ് വിലയിരുത്തൽ.
വെള്ളിവില ഉയരാൻ കാരണം?
വ്യാവസായിക ആവശ്യകത: ഇലക്ട്രോണിക്‌സ്, സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ വെള്ളി ഒരു നിർണായക ഘടകമായി ഉപയോഗിച്ച് പോരുന്നു. ഈ മേഖലകളിൽ നിന്നുള്ള വർധിച്ചുവരുന്ന ആവശ്യകത അതിന്റെ ഉപഭോഗത്തെ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്ന് കണക്കുകൾ നോക്കിയാൽ മനസിലാവും.
ഊഹക്കച്ചവടം: വ്യാപാരികളും നിക്ഷേപകരും ഉയർന്ന വരുമാനമുള്ള ആസ്‌തിയായി വെള്ളിയിൽ കൂടുതൽ നിക്ഷേപം നടത്തുന്നുവെന്നാണ് പല കമ്പനികളും പറയുന്നത്. ഇത് വർധിച്ച വിപണി പ്രവർത്തനത്തിലൂടെ വില ഉയരാൻ ഇടയാക്കുന്ന ഒരു പ്രവണതയാണ്. അതുകൊണ്ട് തന്നെ സ്വർണത്തിനൊപ്പം തന്നെ വെള്ളിയും കുതിപ്പ് തുടരും.
സുരക്ഷിതമായ ഒഴുക്ക്: സാമ്പത്തിക അനിശ്ചിതത്വത്തിന്റെയോ പണപ്പെരുപ്പത്തിന്റെയോ സമയങ്ങളിൽ, നിക്ഷേപകർ പലപ്പോഴും മൂല്യത്തിന്റെ ഒരു സംഭരണിയായി വെള്ളിയെ നോക്കി കാണുകയാണ്. സാധാരണ ഓഹരികളേക്കാൾ ലാഭവും റിസ്‌ക് കുറവും വെള്ളിയെ വേറിട്ട് നിർത്തുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങൾ ആവശ്യകതയും വിലയും വർധിപ്പിക്കാൻ വഴിയൊരുക്കും.
വിതരണത്തിലെ കുറവ്: പരിമിതമായ പുതിയ ഖനന പ്രവർത്തനങ്ങളും ലോജിസ്‌റ്റിക്കൽ വെല്ലുവിളികളും വെള്ളി വിതരണത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട് കഴിഞ്ഞ കാലങ്ങളിൽ. ആ വെല്ലുവിളികൾ ഇപ്പോഴും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. വിലകൾ ഉയർത്തുന്ന വിതരണ-ആവശ്യകത അസന്തുലിതാവസ്ഥ തുടരുകയാണെങ്കിൽ രണ്ട് ലക്ഷം ഒന്നും വെള്ളിയ്ക്ക് ഒരു തടസമേ ആവില്ല.












Click it and Unblock the Notifications