പരിഭ്രാന്തി പരത്തി ട്രെയിനില്‍ പാമ്പ്; മുക്കാല്‍ മണിക്കൂറിലേറെ പരിശോധന ,ഒടുവില്‍ കണ്ടെത്താനാവാതെ യാത്ര
കോഴിക്കോട്ട്: തിരുവനന്തപുരം - നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ട്രെയിനില്‍ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. എസ്- 5 സ്‌ലീപ്പർ കംപാർട്മെന്റ് 28, 31 എന്നീ ബെർത്തുകൾക്കു സമീപമായിരുന്നു യാത്രക്കാര്‍ പാമ്പിനെ കണ്ടത്. ട്രെയിൻ നിർത്തി പരിശോധന നടത്തിയെങ്കിലും പിന്നീട് പാമ്പിനെ കണ്ടെത്താനായില്ല.തുടര്‍ന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെങ്കിലും പിടികൂടാനായില്ല.
കണ്ണൂർ സ്വദേശി പി.നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെൺകുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്.ഇതോടെ യാത്രക്കാർ ബഹളം വച്ചു. യാത്രക്കാരിലൊരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്നു പറഞ്ഞ് ചിലർ ബഹളം വച്ചു. യാത്രക്കാരൻ ഉടനെ പാമ്പിനെ ദേഹത്തു നിന്നും വടിമാറ്റി. ഉടനെ പാമ്പ് കംപാർട്മെന്റിലൂടെ മുന്നോട്ടു പോയി.രാത്രി 10.15ന് ട്രെയിന്‍ കോഴിക്കോട് എത്തിയ ഉടനെ അധികൃതര്‍ പരിശോധന നടത്തി.

ഇവിടെ വെച്ച് പാമ്പിനെ കണ്ട് പരിശോധന സംഘത്തിലെ ഒരാള്‍ വടികൊണ്ട് കുത്തിപ്പിടിച്ചെങ്കിലും പാമ്പ് രക്ഷപെട്ടു. തുടര്‍ന്ന് യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും മുക്കാല്‍ മണിക്കൂറിലേറെ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. മുഴുവൻ യാത്രക്കാരുടെയും ബാഗുകള്‍ പരിശോധിച്ചെങ്കിലും അതിലും പാമ്പിനെ കണ്ടില്ല.കംപാർട്മെന്റിലെ ഒരു ദ്വാരത്തിൽ പാമ്പ് കയറിയെന്നാണ് നിഗമനം. ദ്വാരം നന്നായി അടച്ചു ഒരു മണിക്കൂറിനു ശേഷം 11.15ന് ട്രെയിൻ യാത്ര തുടർന്നു.












Click it and Unblock the Notifications