'വ്യക്തി വേറെ നിലപാട് വേറെ വസ്ത്രം വേറെ', ഹണി റോസിനെ വിടാതെ രാഹുൽ ഈശ്വർ, സോഷ്യല്‍ ഓഡിറ്റിംഗ് തുടരും
ഹണി റോസിന് പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. 6 ദിവസമാണ് ബോബി കാക്കനാട് ജയിലിൽ കഴിഞ്ഞത്. കടുത്ത വിമർശനം ഉന്നയിച്ച് കൊണ്ടാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം നൽകിയത്. ബോഡി ഷെയിമിംഗ് അനുവദിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ബോബിക്ക് ജാമ്യം ലഭിച്ച ശേഷവും ഹണി റോസിനെതിരായ വിമർശനങ്ങളെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഈശ്വർ. തനിക്കെതിരെ കേസെടുത്താലും വസ്ത്രധാരണത്തിൽ സോഷ്യൽ ഓഡിറ്റിംഗ് അതിശക്തമായി തുടരും എന്നാണ് രാഹുൽ ഈശ്വർ പറയുന്നത്.

രാഹുൽ ഈശ്വറിന്റെ വാക്കുകൾ: ''കോടതി പറയുന്നതിനെ പൂര്‍ണമായും ബഹുമാനിക്കുന്നു. ഒരു സ്ത്രീയേയും വസ്ത്രധാരണത്തിന്റെ പേരില്‍ മാത്രം വിലയിരുത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. പക്ഷേ സഭ്യതയുടേയും മാന്യതയുടേയും അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെങ്കില്‍ സാമൂഹിക വിമര്‍ശനമുണ്ടാകും എന്നുളള യാഥാര്‍ത്ഥ്യം മാത്രമാണ് ചൂണ്ടിക്കാട്ടുന്നത്. കോടതി പറയുന്ന നിലപാടുകള്‍ ശ്രദ്ധിക്കാനും അനുസരിക്കാനും എല്ലാവരും ബാധ്യസ്ഥരാണ്.
സ്ത്രീയെ വിലയിരുത്തി അവരെ മോശക്കാരിയാക്കുകയല്ല. വ്യക്തി വേറെ നിലപാട് വേറെ വസ്ത്രം വേറെ. വ്യക്തി മോശക്കാരിയാണെന്ന് ഒരിക്കലും രാഹുല്‍ ഈശ്വര്‍ പറയില്ല. ഏറ്റവും ബഹുമാനത്തോടെയേ അവരോട് സംസാരിക്കുകയുളളൂ. അവരൊരു വലിയ കലാകാരിയാണ്. എന്നാല്‍ സമൂഹത്തിന്റെ ഭാഗമായി വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കോടതി വിമര്‍ശനങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.
കോടതി പറഞ്ഞത് വസ്ത്രധാരണത്തിന്റെ പേരില്‍ ഒരാളെ വിലയിരുത്തരുത് എന്നാണ്. വസ്ത്രധാരണത്തെ വിലയിരുത്തരുത് എന്നല്ല. ആര്‍ട്ടിക്കിള്‍ 19 നമുക്ക് തരുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടുളള വിമര്‍ശനങ്ങളാണ് അത്. കോടതി ബാലന്‍സ്ഡ് ആയിട്ടുളള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അതിശക്തമായി ബോബി ചെമ്മണ്ണൂര്‍ ചെയ്ത തെറ്റായ കാര്യത്തെ വിമര്‍ശിച്ചു, എന്നാല്‍ ജാമ്യം കൊടുത്തു.
ബോബി ചെമ്മണ്ണൂര്‍ ചെയ്ത നന്മകളെ നമ്മള്‍ മറക്കരുത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ പോസിറ്റീവായി സ്പര്‍ശിച്ച വ്യക്തിയാണ് ബോബി ചെമ്മണ്ണൂര്‍. ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി കൊടുത്തു. നൂറ് കണക്കിന് ആളുകള്‍ക്ക് വീട് വെച്ച് കൊടുത്തു. അങ്ങനെ നല്ല കാര്യങ്ങള്‍ ചെയ്ത ആളെ ഒരു വാക്കിന്റെ പേരില്‍ വിലയിരുത്തരുത്.
അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എന്ന് ഒരാളും പറയുന്നില്ല. പക്ഷേ ആ ഒരു തെറ്റിന്റെ പേരില്‍ അദ്ദേഹത്തെ തളച്ചിടരുത്. 25-30 വര്‍ഷമായി അ്‌ദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ കാണാതിരിക്കരുത്. സോഷ്യല്‍ ഓഡിറ്റിംഗ് തുടരും. വസ്ത്രധാരണത്തെ കുറിച്ച് സോഷ്യല്‍ ഓഡിറ്റ് തുടരും, വനിതാ കമ്മീഷന്‍ കേസെടുക്കുമെന്ന് പറഞ്ഞാലും. വനിതാ കമ്മീഷന്‍ തനിക്കെതിരെ കേസ് എടുക്കണം എന്ന് പറഞ്ഞിട്ടുണ്ട്. എന്ത് കഷ്ടമാണ്. കാരണം പുരുഷ കമ്മീഷനില്ല. സോഷ്യല്‍ ഓഡിറ്റ് അതിശക്തമായി തുടരുമെന്ന് സതീദേവി മാഡത്തോട് വിനയപുരസ്സരം പറയുന്നു''.












Click it and Unblock the Notifications