ഓണക്കാലത്ത് തട്ടിപ്പ് നടത്തി ലാഭം കൊയ്യാമെന്ന് ആരും കരുതണ്ട: പ്രത്യേക പരിശോധനയ്ക്കായി സ്‌ക്വാഡ് വരും
തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾക്ക് നേതൃത്വം നൽകും.
ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, ശർക്കര, പായസം മിക്‌സ്, നെയ്യ്, പച്ചക്കറികൾ, പഴങ്ങൾ, പരിപ്പുവർഗങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണ കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ എന്നിവടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ് ഉറപ്പാക്കേണ്ടതാണ്. ലേബൽ വിവരങ്ങൾ പൂർണമായിട്ടല്ലാതെ വില്പനയ്ക്ക് വച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കളും പരിശോധനക്ക് വിധേയമാക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികൾ കൈക്കൊളളുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.
വ്യാപാരികൾ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കേണ്ടതും ഉപഭോക്താക്കൾ കാണുന്ന വിധം സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതുമാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പനക്കായി സ്ഥാപനത്തിൽ സൂക്ഷിക്കുകയോ, വിൽപ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ നിയമാനുസൃതമായ ലേബൽ വ്യവസ്ഥകളോടെ മാത്രമെ വിൽക്കാൻ പാടുളളൂ.
ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും ശുചിത്വ ശീലങ്ങൾ കർശനമായും പാലിച്ചിരിക്കണം. ഉപഭോക്താക്കൾക്ക് ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ഇതുകൂടാതെ https://www.eatright.foodsafety.kerala.gov.in/ എന്ന പോർട്ടൽ മുഖേനയും പരാതി നൽകാം.
അതേസമയം, കയർഫെഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 15 വരെ സംസ്ഥാനമൊട്ടൊകെ ഓണം പ്രത്യേക വിപണന മേളകൾ സംഘടിപ്പിക്കുമെന്ന് വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓണക്കാലത്ത് കയർഫെഡ് സംഘടിപ്പിക്കുന്ന മിന്നും പൊന്നോണം സ്വർണ സമ്മാന പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.
കയർഫെഡിന്റെ നിലവിലുള്ള ഷോറൂമുകൾക്കും ഏജൻസികൾക്കും പുറമേ സംസ്ഥാനത്തൊട്ടാകെ താത്കാലിക ഓണക്കാല വിപണനശാലകൾ തുടങ്ങുമെന്നു മന്ത്രി പറഞ്ഞു. ഓണം വിപണനശാലകളിൽ നിന്ന് 50 ശതമാനം വരെ ഡിസ്‌കൗണ്ടിൽ കയർ ഉത്പന്നങ്ങൾ വാങ്ങാം.
പുത്തൻ കാലഘട്ടത്തിൽ പുതിയ രൂപത്തിൽ, ഉത്പാദന ക്രമത്തിൽ മാറ്റം വരുത്തിക്കൊണ്ടുമാത്രമേ പരമ്പരാഗത വ്യവസായങ്ങൾക്കും മുന്നോട്ടു പോകാൻ കഴിയൂ. ഈ ലക്ഷ്യത്തിലേക്കാണ് കയർ വകുപ്പ് മുന്നേറുന്നത്. പരമ്പരാഗത വ്യവസായ തൊഴിലാളികളെ സംരക്ഷിച്ചും യന്ത്രവൽക്കരണത്തിലൂടെ കമ്പോളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള കയറും കയർ ഉൽപ്പന്നങ്ങളും നിർമ്മിച്ചും ഈ വ്യവസായം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുവാനാണ് സർക്കാരും കയർഫെഡും പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications