എസ്എസ്എല്‍സി; മാര്‍ക്ക് വാരിക്കോരി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സി വിജയശതമാനം ഓരോ വര്‍ഷവും റെക്കോര്‍ഡിലേക്ക് കുതിക്കവെ കുട്ടികളുടെ നിലവാരം താഴേക്ക്. കോടികള്‍ കോഴവാങ്ങി അനുവദിച്ച ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ കുട്ടികളെ നിറയ്ക്കാനായി രാജ്യത്തെമ്പാടും മാതൃകയായിരുന്ന കേരള മോഡല്‍ ആണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കേവലം 2 ശതമാനം മാത്രമാണ് തോല്‍വി എന്നത് വിദ്യാര്‍ഥികളുടെ നിലവാരത്തകര്‍ച്ചയ്‌ക്കൊപ്പം, മുല്യനിര്‍ണയത്തിലെ അപാകതയുമാണ് കാണിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഉത്തരമെഴുതാതെ നമ്പര്‍ ഇട്ട ചോദ്യങ്ങള്‍ക്കുപോലും പാതി മാര്‍ക്ക് നല്‍കാനായിരുന്നു ഇത്തവണ നിര്‍ദ്ദേശമുണ്ടായത്. സേ പരീക്ഷ കഴിയുന്നതോടുകൂടി വിജയശതമാനം നൂറിനടുത്ത് ആകുമെന്ന് ഉറപ്പാണ്.

ഫലപ്രഖ്യാപനം അതിവേഗം നടത്താന്‍ തീരുമാനിച്ചതോടെ മൂല്യനിര്‍ണയം അധ്യാപകരും ഉദാരമാക്കി. പരമാവധി കുട്ടികളെ ജയിപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും മുല്യനിര്‍ണയത്തിനെത്തുന്ന അധ്യാപകര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. നിരന്തര മൂല്യ നിര്‍ണയത്തിലെ അപാകതയും കുട്ടികളുടെ വിജയശതമാനം കുത്തനെ ഉയര്‍ത്തി.
ഇരുപതു ശതമാനം മാര്‍ക്കാണ് നിരന്തര മൂല്യനിര്‍ണയത്തില്‍ നല്‍കിവരുന്നത്. സ്‌കൂളുകള്‍ തന്നെയാണ് ഇതു നല്‍കുന്നതെന്നതിനാല്‍ സ്‌കൂളുകളുടെ വിജയശതമാനം ഉയര്‍ത്താന്‍ മുഴുവന്‍ മാര്‍ക്കും സ്‌കൂള്‍ അധികൃതര്‍ നല്‍കിവരുന്നു. നിരന്തര മൂല്യനിര്‍ണയത്തിലെ അപാകം പരിഹരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് അതിന് തയ്യാറായിട്ടില്ല. പ്ലസ് ടു സീറ്റുകള്‍ നിറയ്ക്കാന്‍ ഇത്തരത്തില്‍ ഉദാരമായി മാര്‍ക്ക് നല്‍കി വിദ്യാര്‍ഥികളെ ജയിപ്പിച്ചാല്‍ കേരള സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ മറ്റു സിലബസില്‍ പഠിച്ചെത്തുന്ന കുട്ടികള്‍ക്കിടയില്‍ മത്സരിക്കാന്‍ യോഗ്യതയില്ലാത്തവരാകുമെന്നുറപ്പാണ്.












Click it and Unblock the Notifications