ഇങ്ങനെ ശ്രദ്ധ പിടിച്ചു പറ്റുന്നത് അന്തസിന് ചേർന്നതല്ല; സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെന്ന് ഗണേഷ് കുമാർ
തിരുവനന്തപുരം: കാറിൽ സ്വിമ്മിങ് പൂൾ ഉണ്ടാക്കി അപകടകരമായി യാത്ര ചെയ്‌ത സംഭവത്തിൽ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ. സഞ്ജുവിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്നാണ് ഗണേഷ് കുമാർ അറിയിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് ഗണേഷ് കുമാർ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
നിയമത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് നല്ല പൗരന്‍മാരും മാന്യമാരും. എന്നാല്‍, പണക്കൊഴുപ്പും അഹങ്കാരവുമാണ് ഇയാൾ കാണിച്ചിരിക്കുന്നതെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. എന്ത് ഗോഷ്ഠി കാണിച്ചും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് അന്തസിന് ചേര്‍ന്ന കാര്യമല്ലെന്നും മന്ത്രി പറയുകയുണ്ടായി.

നേരത്തെയും ഇത്തരം കാര്യങ്ങൾ അയാൾ ചെയ്‌തിട്ടുണ്ടെങ്കിൽ അതും പരിശോധിക്കുമെന്ന് ഗണേഷ് കുമാർ നിലപാട് വ്യക്തമാക്കി. ഇത് അയാളുടെ സംസ്‌കാരത്തിന്റെ ഭാഗമായിരിക്കും. എന്നാല്‍, അതൊക്കെ കൈയില്‍ വെച്ചാല്‍ മതി. ഇയാൾ മുൻപ് ചെയ്‌തിട്ടുള്ള വീഡിയോയും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുമെന്നും വാഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വേലത്തരമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗണേഷ് വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ സഞ്ജു ടെക്കിക്ക് എതിരെ എംവിഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് എൻഫോഴ്സ്മെന്റ് ആർടിഒ കുറ്റപത്രം സമർപ്പിച്ചത്. സഞ്ജുവിനൊപ്പം കാർ ഓടിച്ച സുഹൃത്തും കേസിൽ പ്രതിയാണ്.
ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ എംവിഡി ചുമത്തിയിരിക്കുന്നത്. സുരക്ഷിതമല്ലാത്ത വാഹനം റോഡിൽ ഓടിച്ചതിനുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ വരെ ലഭിക്കാം.
അതേസമയം, കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി പൊതുനിരത്തിൽ ഓടിച്ചതിനാണ് സഞ്ജു ടെക്കിക്കും സുഹൃത്തിനും എതിരെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നടപടിയെടുത്തത്. വീഡിയോ വലിയ രീതിയിൽ പ്രചരിച്ചതിന് പിന്നാലെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്യുകയുമാണ് ആദ്യ ഘട്ടത്തിൽ സ്വീകരിച്ച നടപടികൾ.
ഇതിനെ പരിഹസിച്ചു കൊണ്ട് കഴിഞ്ഞ ദിവസം സഞ്ജു മറ്റൊരു വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു. ആർടിഒ കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നായിരുന്നു ഇയാൾ വിഡിയോയിൽ പറഞ്ഞത്. കൂടാതെ 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്‌തിയാണ് കിട്ടിയതെന്നും വീഡിയോയിൽ സഞ്ജു ടെക്കി പരിഹാസരൂപേണ പറഞ്ഞിരുന്നു.












Click it and Unblock the Notifications