കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം; പിണറായിയേക്കാൾ പിന്തുണ കെകെ ശൈലജയ്ക്ക്? സർവേ
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്നുവെന്ന് വ്യക്തമാക്കി സർവേ ഫലം പുറത്ത്. ഇടത് മുന്നണി സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന് എതിരായും ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് വ്യക്തമാക്കിയത് സ്വകാര്യ ഗവേഷണ സ്ഥാപനമായ വോട്ട് വൈബ് നടത്തിയ സർവേയിലാണ് നിർണായകമായ ഫലം പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ് ഈ സർവേ ഫലം പുറത്തുവന്നിരിക്കുന്നത്.
പിണറായി വിജയനെക്കാൾ ജനപിന്തുണ മുൻ മന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജയ്ക്ക് ഉണ്ടെന്ന് സർവേ പറയുന്നു. കൂടാതെ ശശി തരൂരിന്റെ പേരും സർവേയിൽ ആളുകൾ എടുത്തുപറയുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രതിപക്ഷ നേതാവ് കൂടിയായ മുതിർന്ന നേതാവ് വിഡി സതീശനെക്കാൾ ആളുകൾക്ക് താൽപര്യം ശശി തരൂരിനെയാണ് എന്നതാണ് സർവേ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു പ്രധാന കണ്ടെത്തൽ.

വോട്ട് വൈബ് നടത്തിയ സർവേ പ്രകാരം, പ്രതികരിച്ചവരിൽ 47.9 ശതമാനം പേർ മുഖ്യമന്ത്രി വിജയനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടിപ്പിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രായം കൂടുന്നതിനനുസരിച്ച് ഈ എതിർപ്പിന്റെ തോതും കൂടിയെന്നതാണ് മറ്റൊരു കാര്യം.18 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ 37 ശതമാനം പേർ ഈ നിലപാട് വച്ച് പുലർത്തിയപ്പോൾ 55 വയസിന് മുകളിലുള്ളവരിൽ 45 ശതമാനമായി തോത് വർധിച്ചു.
ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകി ആളുകളെ കൈയിലെടുത്തിട്ടുള്ള സർക്കാരിനെ സംബന്ധിച്ച് ഈ കണക്കുകൾ വലിയ വെല്ലുവിളിയായാണ് തീർക്കുക. സര്‍വേയിലെ ഒരു പ്രധാന കണ്ടെത്തല്‍ എന്തെന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള കോണ്‍ഗ്രസ് എംപിയായ ശശി തരൂരിനെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണാൻ താൽപര്യം കൂടുതലാണ് എന്നതാണ്, 28.3 ശതമാനം ആളുകളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.
എഐസിസി ജനറൽ സെക്രട്ടറി (സംഘടനാ ചുമതല) കെസി വേണുഗോപാലിന് 4.2 ശതമാനം പേരുടെ പിന്തുണ മാത്രമേ കരസ്ഥമാക്കാൻ സാധിച്ചുള്ളൂ. വിഡി സതീശന് 15 ശതമാനവും സണ്ണി ജോസഫിന് 2 ശതമാനവും ജനപിന്തുണ ലഭിച്ചു. നിലവിൽ സർക്കാരിനെതിരെ പോർമുഖം തുറന്നവരിൽ പ്രധാനിയായിട്ടും സതീശനെ ആളുകൾക്ക് താൽപര്യം ഇല്ലെന്ന സൂചനയാണ് ഫലം നൽകുന്നത്.
രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയ മറ്റ് നേതാക്കളെ യഥാക്രമം 8.2 ശതമാനം പേരും 6 ശതമാനം പേരും പിന്തുണച്ചു. ഇനിയാണ് എൽഡിഎഫിൽ നിന്നുള്ള ശ്രദ്ധേയമായ കണക്കുകൾ പുറത്തുവരുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന നിലയിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ 24.2 ശതമാനം പിന്തുണയോടെ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ 17.5 ശതമാനം പിന്തുണയോടെ പിന്നിലായി.
നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് ആണ് കൂടുതൽ പേരും താൽപര്യപ്പെടുന്നത് എന്നാണ് സർവേ പറയുന്നത്, 38.9 ശതമാനം പേർ അവരുടെ വികസന അജണ്ടയെ പിന്തുണച്ചു. എൽഡിഎഫിനെ 27.8 ശതമാനം പേർ പിന്തുടർന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം മുന്നണിയായി സ്വാധീനം നേടുന്നു എന്ന് സൂചിപ്പിക്കുന്ന ഫലമാണ് സർവേ പറയുന്നത്, അവർക്ക് 23.1 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.
സർവേ പ്രകാരം, സർവേയിൽ പങ്കെടുത്ത വോട്ടർമാരിൽ 62 ശതമാനം പേരും തങ്ങളുടെ നിലവിലെ എംഎൽഎയെ മാറ്റാൻ ആഗ്രഹിക്കുന്നവരാണ്. കൂടാതെവെറും 23 ശതമാനം പേർ മാത്രമാണ് സംസ്ഥാനത്ത് നിലവിലുള്ള സ്ഥിതി നിലനിർത്താൻ ആഗ്രഹിക്കുന്നത്, ഇത് ഭരണവിരുദ്ധ വികാരവുമായി ശക്തമായി യോജിച്ചു പോവുന്നു.
അതേസമയം, ഈ വർഷം അവസാനത്തോടെ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എൽഡിഎഫിന് അഗ്നി പരീക്ഷയാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്‌തമായി എൽഡിഎഫ് ഒരുപാട് പ്രതിസന്ധികൾ മുന്നിൽ കാണുന്നുണ്ട്. അതിനെയൊക്കെ അവർ മറികടക്കുമോ അതോ യുഡിഎഫ് അടിച്ചുകയറുമോ എന്നത് കണ്ടറിയണം.












Click it and Unblock the Notifications