ഷുഹൈബ് വധം സിപിഎമ്മിന് തിരിച്ചടി; കണ്ണൂരില്‍ നഷ്ടപ്രതാപം തിരിച്ചുപിടിച്ച് കെ സുധാകരന്‍
കണ്ണൂര്‍: ഒരുകാലത്ത് കണ്ണൂര്‍ നഗരം അടക്കിവാണിരുന്ന കെ സുധാകരന്‍ നഷ്ടപ്രതാപം വീണ്ടെടുക്കുകയാണോ?. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രതിഷേധം കെ സുധാകരനും കോണ്‍ഗ്രസിനും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുമുതല്‍ കെ സുധാകരന് കണ്ണൂരില്‍ കാലിടറി തുടങ്ങിയിരുന്നു. സുധാകരന്റെ കരുത്തില്‍ കണ്ണൂര്‍ നഗരവും പരിസരവും കോണ്‍ഗ്രസ് കോട്ടയായി മാറിയിരുന്നെങ്കിലും തുടര്‍ച്ചയായ തോല്‍വി പാര്‍ട്ടിയില്‍ സുധാകരന്റെ പ്രാധാന്യം നഷ്ടപ്പെടുത്തി. കണ്ണൂര്‍ കോര്‍പ്പറേഷനിലും നിയമസഭാ മണ്ഡലത്തിലും നേരിട്ട തോല്‍വി സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ തിരിച്ചടിയായിരുന്നു.

നിലവില്‍ പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനമൊന്നും വഹിക്കാത്ത സുധാകരന്‍ വളഞ്ഞ വഴിയിലൂടെ കെപിസിസി പ്രസിഡന്റാകാനുള്ള ശ്രമത്തിലായിരുന്നു. പലഭാഗത്തുനിന്നുമുള്ള എതിര്‍പ്പ് ഇതിന് പ്രതിബന്ധമായി. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തോടെ കണ്ണൂരില്‍ സുധാകരന്‍ ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.
കൊലപാതകത്തില്‍ സിബിഐ അന്വേഷണം കൊണ്ടുവന്ന് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് കണ്ണൂര്‍ നഗരത്തില്‍ തിരിച്ചുവരവിന് വഴിയൊരുങ്ങും. ഇതിനായി സുധാകരന്‍ കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ തിരിച്ചുപിടിക്കുകയാകും പ്രധാന ലക്ഷ്യം. ഇതിന് സാധിച്ചാല്‍ സുധാകരന് കണ്ണൂരില്‍ തന്റെ പ്രതാപം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications