സുധാകരന്റെ സമരത്തെചൊല്ലി കോണ്‍ഗ്രസില്‍ രണ്ടുപക്ഷം; അവസാനിപ്പിക്കണമെന്ന് ഒരുവിഭാഗം
കണ്ണൂര്‍: കെ സുധാകരന്‍ കണ്ണൂരില്‍ നടത്തുന്ന നിരാഹാര സമരത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ചേരിതിരിവ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെട്ടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് സുധാകരന്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. എന്നാല്‍, സമരം പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ ആവശ്യം.
ഷുഹൈബ് വധത്തില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഡമ്മി പ്രതികളെ പിടികൂടി സിപിഎം നാടകം കളിക്കുകയാണെന്നും ആരോപിച്ചായിരുന്നു സമരം ആരംഭിച്ചത്. എന്നാല്‍, അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളാണെന്ന് കഴിഞ്ഞദിവസം സാക്ഷികള്‍ തിരിച്ചറിഞ്ഞതോടെ സുധാകരന്റെ ആരോപണം ഇല്ലാതായിരിക്കുകയാണ്.

സുധാകരന്‍ സമരം നീട്ടിക്കൊണ്ടുപോകുന്നത് ഗ്രൂപ്പ് മുതലെടുപ്പിനും വ്യക്തിപരമായ നേട്ടങ്ങള്‍ക്കും വേണ്ടിയാണെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആരോപിക്കുന്നു. രമേശ് ചെന്നിത്തല സമരം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടവെച്ചാണ് കണ്ണൂര്‍ വിട്ടതെങ്കിലും സുധാകരന്‍ സമരം നീട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചതായാണ് വിവരം.
ഇപ്പോഴത്തെ സമരം അവസാനിപ്പിക്കുന്നതോടുകൂടി ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് ആരംഭിച്ച സമര പരിപാടികള്‍ക്ക് അവസാനമാകുമെന്നാണ് സുധാകരന്‍ പറയുന്നത്. അതുകൊണ്ടുതന്നെ സമരം നീട്ടിക്കൊണ്ടുപോയി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കണം. സിബിഐ അന്വേഷണം ആരംഭിക്കുന്നതുവരെ നിരാഹാര സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications