അനീഷയുടെ ആത്മഹത്യ പോലീസിന്റെ വീഴ്ച;ധനസഹായം
മലപ്പുറം: ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
അനീഷയുടെ അത്മഹത്യയില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും എന്നാണ് ആഭ്യന്തരമന്ത്രി നല്‍കുന്ന സൂചന. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകും. അനീഷയുടെ കാര്യത്തില്‍ കസ്റ്റഡിയില്‍ എടുത്തതിന് ശേഷം കൈക്കൊള്ളേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഏപ്രില്‍ 24 നായിരുന്നു അനീഷ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനുള്ളില്‍ തൂങ്ങിമരിച്ചത്. മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത അനീഷയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. മുമ്പും കേസുകളില്‍ പെട്ടിട്ടുള്ള അനീഷ ഈ കേസിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ലെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞിരുന്നത്.
ചട്ടം ലംഘിച്ച് തൊട്ടടുത്ത സ്റ്റേഷനിലെ എസ്‌ഐ രാത്രിയില്‍ ചങ്ങരംകുളം സ്റ്റേഷന്‍ സന്ദര്‍ശിച്ചതും വിവാദമായിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥന് അനീഷയോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി അനീഷയുടെ മാതാവ് ആരോപിച്ചിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി ഐജിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചങ്ങരംകുളം പോലീസ് സ്‌റ്റേഷനെ പറ്റി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി സമ്മതിച്ചു. ഇത്തരം സംഭവങ്ങള്‍ കേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷനിലും നടക്കാതിരിക്കാന്‍ ശക്തമായ നടപടികളെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അനീഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ വക ധനസഹായവും ലഭ്യമാക്കും.












Click it and Unblock the Notifications