സപ്ലൈക്കോയുടെ 'ഓണസമ്മാനം'; സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി, പഞ്ചസാരയ്ക്ക് 6 രൂപ വർധിക്കും
തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി സാധാരണക്കാർക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി സപ്ലൈക്കോ. അരിയടക്കമുള്ള ഭക്ഷ്യ വസ്‌തുക്കളുടെ വില കുത്തനെ ഉയർത്തി സപ്ലൈക്കോ ഇരുട്ടടി നൽകിയിരിക്കുകയാണ് ഇപ്പോൾ. നേരത്തെ വിപണിയിലെ വില വർധനവിന് എതിരെ സർക്കാരിന് മുന്നറിയിപ്പ് നൽകിയ സപ്ലൈക്കോ തന്നെയാണ് ഇപ്പോൾ ഓണം അടുത്തപ്പോൾ കുത്തനെ വില വർധനവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് വിരോധാഭാസം.
സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും ഉൾപ്പെടെ വില ഉയർത്തിയിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്ന് 33 രൂപയായി കൂട്ടി. തുവരപരിപ്പിന്റെ വിലയാവട്ടെ 111 രൂപയിൽ നിന്ന് 115 രൂപയാക്കിയും ഉയർത്തി. സംസ്ഥാന തലത്തിൽ ഓണം ഫെയറുകളുടെ ഉദ്‌ഘാടനം നടക്കാനിരിക്കെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.

ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രിയാണ് നിർവഹിക്കുന്നത്. അതിന് മുന്നോടിയായാണ് ഈ വില വർധനവ്. അരിക്കും തുവരപരിപ്പിനും പുറമേ മലയാളിയുടെ തീൻമേശയിലെ ഒഴിച്ചു കൂടാനാവാത്ത ഭക്ഷ്യവസ്‌തുവായ പഞ്ചസാരയുടെ വില ആറ് രൂപയോളമാണ് വർധിപ്പിച്ചത്. നേരത്തെ 27 രൂപ മാത്രമായിരുന്ന പഞ്ചസാരയ്ക്ക് ഇനി 33 രൂപ നൽകണം.
തുവരപ്പരിപ്പിന് നാലു രൂപ വർധിപ്പിച്ച് 115 രൂപയാണ് പുതുക്കിയ വില, അരിക്ക് മൂന്നുരൂപ കൂട്ടി 33 രൂപയായും മാറിയിട്ടുണ്ട്. എന്നാൽ ചെറുപയർ വില മാത്രം കുറച്ചിട്ടുമുണ്ട്. രണ്ട് രൂപയുടെ കുറവാണ് ചെറുപയറിന്റെ വിലയിൽ ഉണ്ടായിരിക്കുന്നത്. സബ്‌സിഡി ഇനത്തിൽ ഉൾപ്പെട്ട നാലിനം അരികളിൽ ജയക്ക് മാത്രമാണ് വില കൂട്ടാതെയുള്ളത്.
ഇ-ടെൻഡറിലുണ്ടായ വിലവർധനവാണ് അവശ്യസാധനങ്ങൾക്ക് വില ഉയരാനുള്ള കാരണമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ വിപണിയിലെ വില വർധനവ് തടയാൻ കാര്യക്ഷമമായി ഇടപെടുകയും കൃത്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ട സപ്ലൈക്കോ തന്നെ ഇത്തരത്തിൽ വില വർധിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് പൊതുവെ ഉയരുന്ന വിമർശനം.
സപ്ലൈക്കോ ഓണം ഫെയർ
തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇകെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വർഷത്തെ ഓണം സപ്ലൈക്കോ ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുന്നത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കുമ്പോൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സെപ്റ്റംബർ അഞ്ച് മുതൽ 14 വരെയാണ് ഓണം ഫെയറുകൾ ഉണ്ടാവുക. ജില്ലാതല ഫെയറുകൾ സെപ്റ്റംബര്‍ ആറ് മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ സംഘടിപ്പിക്കും. 13 ഇനം സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ശബരിയുടെ ഉത്പന്നങ്ങൾ, മറ്റ് എഫ്എംസിജി ഉത്പന്നങ്ങൾ, മിൽമയുടെ ഉത്പന്നങ്ങൾ, കൈത്തറി വസ്‌തുക്കൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ ഫെയറിൽ നിന്ന് 50 ശതമാനം വരെ വിലക്കുറവോടെ വാങ്ങാം.












Click it and Unblock the Notifications