സൗമ്യ വധക്കേസ് വിധി വ്യാഴാഴ്ച; ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയേക്കും
ദില്ലി: സൗമ്യ വധക്കേസില്‍ വധശിക്ഷ ലഭിച്ച കുറ്റവാളി ഗോവിന്ദച്ചാമി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറയും. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറയുന്നത്. വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായേക്കുമെന്നാണ് ആശങ്കയുണ്ട്.
അപ്പീല്‍ പരിഗണിക്കുമ്പോള്‍ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളി താഴെയിട്ടതിന് തെളിവ് കോടതി ആരാഞ്ഞിരുന്നു. ഇതിന് ആവശ്യമായ മറുപടി നല്‍കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഊഹാപോഹങ്ങള്‍ കോടതിക്ക് സ്വീകാര്യമല്ല എന്ന് കോടതി പറഞ്ഞിരുന്നു.

അതേസമയം സൗമ്യ മാനഭംഗത്തിന് ഇരയാക്കിയതായി കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചു. ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണു സര്‍ക്കാരിനായി ഹാജരായത്. ഇവര്‍ കേസ് ശരിയായ രീതിയില്‍ പഠിക്കാത്തതാണ് കോടതിക്ക് മുന്നില്‍ തെളിവു ഹാജരാക്കാന്‍ കഴിയാതിരുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഗോവിന്ദച്ചാമിക്ക് അനുകൂലമായ പരാമര്‍ശം കോടതിയില്‍ നിന്നും ഉണ്ടായതോടെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കി കുറച്ചേക്കുമെന്നാണ് സൗമ്യയുടെ ബന്ധുക്കളുടെ ആശങ്ക. അങ്ങിനെയെങ്കില്‍ കൂടുതല്‍ തെളിവുകളുമായി സര്‍ക്കാരിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടതായിവരും.












Click it and Unblock the Notifications