ഗുരുവായൂർ-തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ പ്രഖ്യാപിച്ച് സുരേഷ് ഗോപി; ഇനി വെറും 40 മിനിറ്റ് കൊണ്ട് എത്താം..!
തൃശൂർ: ഗുരുവായൂർ-തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. ദിവസേന സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനാണ് ഈ റൂട്ടിൽ പുതുതായി കൊണ്ട് വന്നിരിക്കുന്നത്. സുരേഷ് ഗോപി തന്റെ സമൂഹ മാധ്യമ പോസ്‌റ്റിലൂടെ ആയിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം യാത്രാ ക്ലേശത്തിന് വളരെയധികം പരിഹാരം നൽകുമെന്നാണ് സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്.
സർവീസ് തുടങ്ങുന്നതിന്റെ വിശദാംശങ്ങളും അദ്ദേഹം സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജനങ്ങളുടെ ആവശ്യം അറിഞ്ഞുകൊണ്ട് ട്രെയിൻ സർവീസ് പ്രഖ്യാപിച്ച റെയിൽവേ മന്ത്രാലയത്തിനും ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു. തുടർന്നും നാടിന്റെ വികസനത്തിനായി ഒരുമിച്ച് നീങ്ങാമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

സുരേഷ് ഗോപിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
ഗുരുവായൂർ-തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ച സന്തോഷവാർത്ത പങ്കുവെക്കുന്നു! ഏറെ കാലമായി സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും നിങ്ങൾ നല്‍കിയ അഭ്യര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഇപ്പോൾ ശുഭകരമായ ഒരു തീരുമാനമായിരിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം നമ്മുടെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകും.
പുതിയ ട്രെയിൻ വിവരങ്ങൾ താഴെ നൽകുന്നു:
ട്രെയിൻ നമ്പർ: 56115/56116 തൃശൂർ-ഗുരുവായൂർ പാസഞ്ചർ.
സർവീസ്: ദിവസേന (ഡെയിലി).
സമയക്രമം: തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും. ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും.
ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഈ പ്രൊപ്പോസലിന് അംഗീകാരം നൽകിയ റെയിൽവേ മന്ത്രാലയത്തിനും ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം. സ്നേഹത്തോടെ, സുരേഷ് ഗോപി.
അതിനിടെ കഴിഞ്ഞ ദിവസം എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പൊതുവേദിയിൽ നടത്തിയ പരാമർശം വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എയിംസ് കേരളത്തിലേക്ക് ഉറപ്പായും വരുമെന്ന് പറയുന്നതിനിടെയായിരുന്നു സംഭവം. ആരുടെയും പേരെടുത്ത് പറയാതെയാണ് 'കേരളത്തിൽ എയിംസ് വരും, മറ്റേ മോനേ..' എന്ന് സുരേഷ് ഗോപി പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത്.
നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ, വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.












Click it and Unblock the Notifications