പൂരം കൊടിയേറാൻ മണിക്കൂറുകൾ മാത്രം; കൊല്ലം-തൃശൂർ റൂട്ടിൽ പ്രത്യേക ട്രെയിൻ, പ്രഖ്യാപിച്ച് സുരേഷ് ഗോപി
തൃശൂർ: സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ തൃശൂർ പൂരത്തിന് പ്രത്യേക ട്രെയിൻ അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. തൃശൂർ പൂരത്തിന് എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം- തൃശൂർ- കൊല്ലം റൂട്ടിൽ അൺറിസർവ്ഡ് മെമു സ്പെഷ്യൽ ട്രെയിനാണ് അനുവദിച്ചതെന്ന് സുരേഷ് ഗോപി ഫേസ്‍ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു. ട്രെയിൻ അനുവദിച്ച മന്ത്രി അശ്വിനി വൈഷ്‌ണവിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു.
സുരേഷ് ഗോപിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
തൃശൂർ പൂരത്തിന് എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം - തൃശൂർ - കൊല്ലം റൂട്ടിൽ അൺറിസർവ്ഡ് മെമു സ്പെഷ്യൽ ട്രെയിൻ (Unreserved MEMU Special Train) അനുവദിച്ചിരിക്കുന്നു. ഈ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്‌ണവ് ജിക്ക് ഞാൻ നൽകിയ നിവേദനത്തിന് അനുകൂലമായ നടപടി സ്വീകരിച്ച റെയിൽവേ മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നു.

യാത്രാ വിവരങ്ങൾ താഴെ നൽകുന്നു:
ട്രെയിൻ നമ്പർ 06187 (കൊല്ലം - തൃശൂർ സ്പെഷ്യൽ)
തിയതി: ഏപ്രിൽ 26, 2026 (ഞായറാഴ്‌ച)
പുറപ്പെടുന്ന സമയം: കൊല്ലത്ത് നിന്ന് രാവിലെ 08:20-ന്
എത്തിച്ചേരുന്ന സമയം: തൃശൂരിൽ ഉച്ചയ്ക്ക് 01:30-ന്
ട്രെയിൻ നമ്പർ 06188 (തൃശൂർ - കൊല്ലം സ്പെഷ്യൽ)
തിയതി: ഏപ്രിൽ 26, 2026 (ഞായറാഴ്‌ച)
പുറപ്പെടുന്ന സമയം: തൃശൂരിൽ നിന്ന് രാത്രി 09:30-ന്
എത്തിച്ചേരുന്ന സമയം: കൊല്ലത്ത് തിങ്കളാഴ്‌ച പുലർച്ചെ 02:30-ന്
പ്രധാന സ്‌റ്റോപ്പുകൾ: കൊല്ലം, പെരിനാട്, ശാസ്‌താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, ചിങ്ങവനം,കോട്ടയം, ഏറ്റുമാനൂർ, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ് മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം നോർത്ത്, ഇടപ്പള്ളി, കളമശ്ശേരി,ആലുവ, അങ്കമാലി, കറുകുറ്റി ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ, തൃശൂർ.
അതേസമയം, നാളെയാണ് തൃശൂർ പൂരം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഇരു ദേവസ്വങ്ങളും പൂർത്തിയാക്കിയിരുന്നു. നാളെ രാവിലെ ചെറുപൂരങ്ങളോടെ തൃശൂർ പൂരത്തിന് തുടക്കമാവും. കണിമംഗലം വിഭാഗമാണ് ആദ്യം വടക്കുംനാഥ ക്ഷേത്രത്തിലെത്തുക. തുടർന്ന് മറ്റ് ഏഴ് ദേശങ്ങളുടെയും എഴുന്നള്ളിപ്പ്.
വെള്ളിയാഴ്‌ച നടക്കേണ്ടിയിരുന്ന സാമ്പിൾ വെടിക്കെട്ടും തിങ്കളാഴ്‌ച പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും ഒഴിവാക്കിയിരുന്നു. കുടമാറ്റം പ്രതീകാത്മകമായി നടത്തുവാനാണ് തീരുമാനം. പാറമേക്കാവ് വിഭാഗത്തിന്റെ ആനച്ചമയ പ്രദർശനം അഗ്രശാലയിൽ ആരംഭിച്ചിരുന്നു. തിരുവമ്പാടി വിഭാഗത്തിന്റെ ചമയപ്രദർശനം ശനിയാഴ്‌ച കൗസ്‌തുഭം ഓഡിറ്റോറിയത്തിൽ വച്ചാണ് നടക്കുക.












Click it and Unblock the Notifications