'വെടിക്കെട്ട് വിവാദം തരികിട പരിപാടി'; തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് എതിരെ സുരേഷ് ഗോപി
തൃശൂർ: പൂരം വെടിക്കെട്ട് വിവാദത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. വെടിക്കെട്ട് വിവാദം തരികിട പരിപാടിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ ആക്ഷേപം. ദേവസ്വം ഭാരവാഹികളായ രാജേഷിനെയും ഗിരീഷിനെയും കേന്ദ്രമന്ത്രിമാരുടെ മുമ്പിൽ എത്തിച്ചതാണെന്നും, രണ്ട് മണിക്കൂറാണ് വിഷയം ചർച്ച ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങളെല്ലാം അവരെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സർക്കാരിന് നിയമപരമായി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും കേന്ദ്രമന്ത്രി പറയുന്നു. രാജ്യത്തെ വെടിക്കെട്ട് അപകടങ്ങൾ കണക്കിലെടുത്താണ് കേന്ദ്രം നിയമം മാറ്റുന്നത്. നിയമം പുനക്രമീകരിക്കാൻ ശ്രമിച്ചപ്പോൾ കണ്ണൂരിൽ വെടിക്കെട്ട് അപകടം ഉണ്ടായെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ചില രാഷ്ട്രീയ സൗകര്യങ്ങൾക്ക് വേണ്ടി അവർ അത് മറച്ചു വെയ്ക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ആശ വർക്കർമാരുടെ സമരത്തിൽ രാഷ്ട്രീയ സർക്കസിന് ഇല്ലെന്നും സുരേഷ് ഗോപി നിലപാട് സ്വീകരിച്ചു. ആശ വർക്കർമാർ വീട്ടിൽ വന്ന് ക്ഷണിച്ചതോടെയാണ് സമരപ്പന്തലിൽ പോയത്. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വിമർശനം നേരിട്ടിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാൽ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കാൻ സുരേഷ് ഗോപി തയ്യാറായില്ല. നല്ല കാര്യങ്ങൾ സംസാരിക്കൂ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എമ്പുരാനിൽ വിവാദം കനക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മറ്റൊരു കേന്ദ്രമന്ത്രിയായ ജോർജ് കുര്യൻ സിനിമ കണ്ടിട്ടില്ലെന്നും ഇനി കാണുമെന്നുമാണ് പറഞ്ഞത്.
നേരത്തെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ചിത്രത്തിന്റെ സെൻസറിംഗിൽ വീഴ്‌ച ഉണ്ടായി എന്ന വിമർശനം ഉയർന്നിരുന്നു. എങ്കിലും പരസ്യമായി സിനിമയ്ക്ക് എതിരായ പ്രചാരണം വേണ്ടെന്നും അവർ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ചില നേതാക്കൾ ഇപ്പോഴും ചിത്രത്തെ രൂക്ഷമായി വിമര്ശിക്കുന്നുണ്ട്. എന്നിട്ടും വിഷയത്തിൽ പ്രതികരിക്കാൻ സൂപ്പർതാരം കൂടിയായ സുരേഷ് ഗോപി തയ്യാറായില്ല.












Click it and Unblock the Notifications