'സുരേഷ് ഗോപി അമ്മയിൽ രാഷ്ട്രീയം പറഞ്ഞിട്ടില്ല, ക്രിമിനൽ ആരോപണം നേരിടുന്നവർ മാറി നിൽക്കണം'; രവീന്ദ്രൻ
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ വരാനിരിക്കുന്നത് തിരഞ്ഞെടുപ്പ് കാലമാണ്. മൂന്ന് പതിറ്റാണ്ടിലെ ചരിത്രത്തിന് ഇടയിൽ അമ്മയിൽ ഇത്തരമൊരു സംഭവവികാസം ആദ്യമായാണ്. നേരത്തെ പ്രസിഡന്റായിരുന്ന മോഹൻലാൽ ഇനിയും തൽസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് തിരഞ്ഞെടുപ്പ് അനിവാര്യമായത്.
ഓഗസ്‌റ്റ് പകുതിയോടെയാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ആരൊക്കെ മത്സര രംഗത്തുണ്ടാവും എന്ന കാര്യത്തിൽ ഇതുവരെയും ധാരണ കൈവന്നിട്ടില്ല. എന്നാൽ അമ്മയിൽ ഭിന്നത പുകയുന്നുവെന്നും അതുകൊണ്ട് ഇത്തരമൊരു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിയതെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമ്മയിലെ ആജീവനാന്ത അംഗം കൂടിയായ മുതിർന്ന നടൻ രവീന്ദ്രൻ. അമ്മയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നാണ് രവീന്ദ്രൻ പറയുന്നത്. അമ്മയിലെ തിരഞ്ഞെടുപ്പിൽ ക്രിമിനൽ ആരോപണങ്ങൾ നേരിടുന്നവർ മത്സരിക്കരുതെന്നും സ്വയം മാറി നിൽക്കണമെന്നും മനോരമ ന്യൂസിനോട് രവീന്ദ്രൻ പ്രതികരിച്ചു.
രവീന്ദ്രന്റെ വാക്കുകൾ ഇങ്ങനെ. ഞാൻ മത്സരിക്കുമോ എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. നമ്മുടെ ആൾക്കാർ പലരും വന്ന് ഇങ്ങനെ നിർബന്ധിക്കുന്നുണ്ട്. അവർ തന്നെ അപേക്ഷയൊക്കെ കൊണ്ട് തന്നിരുന്നു. നിൽക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് സുഹൃത്തുക്കൾ വിളിക്കുന്നുണ്ട്. ഞാൻ പണ്ട് നിന്നതാണല്ലോ. ഈയൊരു ഘട്ടത്തിൽ അത് ആവശ്യമായി എല്ലാവർക്കും തോന്നുന്നുണ്ട്. പല സീനിയർ നടന്മാരെയും ഇത്തരത്തിൽ മത്സരിക്കാൻ നിർബന്ധിക്കുന്നുണ്ട്.
അപേക്ഷ ആലോചിച്ചിട്ട് കൊടുക്കാമെന്നാണ് വിചാരിക്കുന്നത്. പൊതുവെ അമ്മയുടെ ഒരുപാട് അംഗങ്ങൾ ആരോപണവിധേയരും ക്രിമിനൽ കേസുകളിൽ പ്രതികളായവരും നിൽക്കുന്നതിൽ എതിരഭിപ്രായം ഉള്ളവരാണ്. അവരോടുള്ള വിരോധം കൊണ്ടല്ല, ആളുകൾ നമ്മളെ ഈ കണ്ണിലൂടെയാണ് കാണുന്നത്. അമ്മയുടെ എല്ലാ അംഗങ്ങളും ഈ പ്രശ്‌നം നേരിടുന്നുണ്ട്. അത് വല്ലാതെ പലർക്കും വേദനയുണ്ടാകുന്ന കാര്യമാണ്.
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, അതിപ്പോൾ ആരോടും എനിക്ക് എതിർപ്പ് ഉണ്ടായിട്ടല്ല, ഇത്തരം ക്രിമിനൽ ആരോപണങ്ങൾ നേരിടുന്നവർ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണം. അങ്ങനെ ആരോപണവിധായർ സ്വയം മാറിനിൽകുക. അവർ അമ്മയുടെ അംഗങ്ങളോട് ചെയ്യുന്ന, സംഘടനയോട് ചെയ്യുന്ന ഏറ്റവും വലിയ സ്‌നേഹേവായ്‌പവും അക്കാര്യം.
അവർക്ക് അത് അറിയണമെന്നില്ല. പക്ഷേ അമ്മയുടെ ഒരു മെമ്പർ പോലും ഇത്തരം ചോദ്യങ്ങൾ ഫേസ് ചെയ്യേണ്ടി വരാതിരുന്നിട്ടില്ല എന്ന് എനിക്കുറപ്പാണ്. നമ്മൾ യാത്ര ചെയ്യുമ്പോഴും ആളുകൾ ചോദിക്കുന്നതിൽ ഒരു കാര്യമാണ്. ഇങ്ങനെയുള്ള ആളുകൾ അല്ലേ നിങ്ങളെ ഭരിക്കുന്നത്, നിങ്ങളൊക്കെ ഇങ്ങനെയല്ലേ എന്ന് ചോദിക്കാനുള്ള അവസ്ഥ ഉണ്ടാവാതിരിക്കാനാണ് ഈ പറയുന്നത്.
അമ്മയിൽ കാവിവത്കരണം ഒക്കെ നടക്കാനുള്ള ഒരു സാധ്യതയുമില്ല. ആരോ വന്ന് അതൊക്കെ പറയുകയാണ്. അങ്ങനെ പറയാനിയിട്ട് ആരുമില്ല. അങ്ങനെ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് സുരേഷ് ഗോപിയെ ആയിരിക്കും. പക്ഷേ സുരേഷ് ഗോപി ഒരിക്കൽ പോലും അമ്മയിൽ രാഷ്ട്രീയം പറഞ്ഞിട്ടില്ല. അതെനിക്ക് വ്യക്തമായിട്ട് അറിയാം. ഞാൻ അദ്ദേഹത്തിന് വോട്ട് കൊടുക്കില്ലെന്നത് വേറെ വിഷയം.
സുരേഷ് ഗോപിയുടെ എതിർ പക്ഷത്ത് നിൽക്കുന്ന ആളായിരിക്കും ഞാൻ. പക്ഷേ അദ്ദേഹം ഒരിക്കലും അങ്ങനെയൊന്നും അമ്മയിൽ പറഞ്ഞിട്ടില്ല. പിന്നെ ആരാണ് പ്രത്യക്ഷത്തിൽ അങ്ങനെയുള്ള രീതി കണ്ടതായി തോന്നുന്നില്ല. ആരാണ് ഇത്തരം വ്യാജ വാർത്തകൾ പുറത്തേക്ക് കൊടുക്കുന്നത് എന്ന കാര്യം ഞങ്ങൾ എല്ലാവരും ഒരുപോലെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അമ്മയിൽ സ്ത്രീ പ്രാതിനിധ്യം പകുതിയാക്കിയാലും സ്വാഗതം ചെയ്യും.












Click it and Unblock the Notifications