'ഇനി എയിംസ് കൊണ്ട് വന്നിട്ടേ ഞാൻ വോട്ട് ചോദിക്കാൻ വരൂ, ശശി തരൂരിന് പ്രധാനമന്ത്രിയെ പുകഴ്ത്താം'; സുരേഷ് ഗോപി
തൃശൂർ: എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. ഇനി എയിംസിന് തറക്കല്ലിട്ട ശേഷം മാത്രമേ വോട്ട് ചോദിക്കാനായി വരികയുള്ളൂ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കേരളത്തിലെ എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിനോടാണ് എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം കേന്ദ്രത്തിന് നൽകിയിട്ടുള്ളൂ എന്ന് അദ്ദേഹം മറുപടി നൽകിയത്.
ദിലീപ് അത് നേടിയെടുത്തത് കണ്ടില്ലേ: ശത്രുക്കളുടേയൊക്കെ മിണ്ടാട്ടം മുട്ടിപ്പോയോ? ആഘോഷമാക്കി ആരാധകർ
ഇതിനായി മൂന്ന് ഓപ്ഷനുകളാണ് നൽകേണ്ടത്. എന്നാൽ, ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങൾ അന്വേഷിക്കൂ എന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തന്റെ കാലാവധി പൂർത്തിയാക്കും മുൻപ് എയിംസ് പ്രഖ്യാപിക്കുമെന്നും എന്ത് തർക്കമുണ്ടെങ്കിലും അതിന് തറക്കല്ല് പാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

'കേരളത്തിൽ എയിംസ് എന്ന പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത്, എന്ത് തർക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പിൽ ഞാൻ വോട്ട് ചോദിക്കാൻ വരൂ' എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. കാലങ്ങളായി കേരളം ഉന്നയിക്കുന്ന പ്രധാന ആവശ്യമായ എയിംസിനോട് കേന്ദ്ര സർക്കാർ മൃദുസമീപനമാണ് സ്വീകരിക്കുന്നത് എന്ന ആരോപണം ശക്തമാവുന്നതിന് ഇടയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
നേരത്തെ എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ ഒക്കെ പൂർത്തിയാക്കിയെങ്കിലും കേന്ദ്രത്തിന്റെ നടപടികളിലെ കാലതാമസമാണ് ഇതിന് തിരിച്ചടിയാവുന്നത്. രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ല.
അതേസമയം, കേരള തീരത്ത് തുടച്ചയായി ഉണ്ടാവുന്ന കപ്പൽ അപകടങ്ങളിൽ കേന്ദ്രമന്ത്രി ആശങ്കയും അറിയിച്ചു. കപ്പൽ അപകടത്തിൽ കേസ് കൊടുക്കേണ്ട നഷ്‍ടപരിഹാരം മതിയെന്ന് സംസ്ഥാനം തീരുമാനിച്ചത് കേന്ദ്ര സർക്കാരിനോട് ചോദിച്ചിട്ടല്ലല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മത്സ്യത്തൊഴിലാളികളെ അടക്കം ബാധിക്കുന്ന വിഷയമാണിതെന്നും നിയമനടപടി വേണമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിലും സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കി. 'ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ പ്രധാനമന്ത്രിയെ പ്രകീർത്തിക്കുകയാണ്. അതിനാൽ ശശി തരൂരിനും പുകഴ്ത്താം. തരൂരിന്റെ നിലപാടിൽ സംഘ ചായ്‌വുണ്ടെങ്കിൽ അതിൽ വ്യക്തത വരുത്തേണ്ടത് അദ്ദേഹം തന്നെയാണ്' സുരേഷ് ഗോപി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications