'സമൂഹത്തിന്റെ സ്വത്താണ് ആഘോഷങ്ങൾ, തൃശൂർ പൂരം നിയന്ത്രണങ്ങളിൽ ഇളവ് ബുദ്ധിമുട്ടാണ്'; സുരേഷ് ഗോപി
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ വർഷത്തെ ദൗർഭാഗ്യകരമായ സംഭവങ്ങളിലൂടെ പാഠം പഠിച്ചുവെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്‌ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ലെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. സമൂഹത്തിന്റെ സ്വത്താണ് ആഘോഷങ്ങളെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.
കൂടുതൽ പേർക്ക് ഇത്തവണ വെടിക്കെട്ട് കാണാൻ സൗകര്യം ഒരുക്കാമായിരുന്നെങ്കിലും സാഹചര്യങ്ങൾ അനുകൂലമായില്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. പൂരം കാണാൻ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ സൗകര്യം ഒരുക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകാനിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഗുജറാത്തിൽ പടക്ക നിർമ്മാണശാലയില്‍ വെടിക്കെട്ട് അപകടമുണ്ടായതോടെ ഇത് അസ്ഥാനത്തായെന്നാണ് സുരേഷ് ഗോപി പറയുന്നത്.

ഈ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ ഇത്തവണ നൽകാൻ കഴിയാതെ വന്നതാണ് കേന്ദ്രമന്ത്രി നൽകുന്ന വിവരം. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകുക ബുദ്ധിമുട്ടാണ്. സർക്കാരും നിയമങ്ങളും ഭേദഗതികളും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. അല്ലാതെ, വേറൊന്നും ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
പുതിയ അവസ്ഥകളുടെ പശ്ചാതലത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കും. മന്ത്രിമാർ പറഞ്ഞ കാര്യങ്ങളൊക്കെ ബോധ്യപ്പെട്ടു. അവലോകനയോഗം തൃപ്‌തികരമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം നന്നായി നടക്കണമെന്നും അതിന് വേണ്ട ചില മാറ്റങ്ങൾ വരു വർഷങ്ങളിൽ ഉണ്ടാവുമെന്നും തൃശൂർ എംപി കൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ ജില്ലാ ഭരണകൂടത്തിനു പൂർണ ഉത്തരവാദിത്തം നൽകികൊണ്ടാണ് ഇപ്പോഴത്തെ ഇളവുകൾ വന്നിട്ടുള്ളത്. അതിനാൽ തന്നെ ഭക്തജനങ്ങളും ആസ്വാദകരും സഹകരിച്ച് നല്ല അച്ചടക്കത്തോടെ ഈ പൂരം കൊണ്ടുപോകാൻ സാധിച്ചാല്‍ വരും വർഷം ഇക്കാര്യത്തിൽ കൂടുതൽ ഇളവുകൾ നേടാൻ സാധിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതിനിടെ തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. വൈകുന്നേരം ഏഴുമണിക്ക് തിരുവമ്പാടിയും പിന്നീട് പാറമേക്കാവും സാമ്പിൾ വെടിക്കെട്ടിന് തിരിതെളിയിക്കുക. സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് അനുവദിച്ച സ്ഥലങ്ങളിൽ നിന്ന് മാത്രമാണ് വെടിക്കെട്ട് കാണാൻ അനുമതി നൽകിയിരിക്കുന്നത്. വെടിക്കെട്ടിന് ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ഇക്കുറി വെടിക്കെട്ട് നടക്കുന്നത് എന്നതാണ് പ്രത്യേകത.












Click it and Unblock the Notifications