'കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ട്, ഗവർണറെ കാണും'; നിതിൻ രാജിന്റെ മരണത്തിൽ സുരേഷ് ഗോപി
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുമായി സംസാരിച്ചുവെന്നാണ് തൃശൂർ എംപിയായ സുരേഷ് ഗോപി മാധ്യമങ്ങളോട് അറിയിച്ചത്. മരണപ്പെട്ട നിതിൻ രാജിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
തിരുവനന്തപുരം ഉഴമക്കൽ സ്വദേശിയാണ് മരണപ്പെട്ട നിതിൻ രാജ്. കേസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ ചില കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അത് പൊലീസ് പറഞ്ഞുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നിതിൻ രാജിന്റെ കുടുംബം അവരുടെ കാര്യങ്ങളും പറഞ്ഞു. എന്നാല്‍ കാര്യങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത്.

വിഷയവുമായി ബന്ധപ്പെട്ട് നാളെ ഗവര്‍ണറെ കാണും. കൂടുതൽ കാര്യങ്ങള്‍ സംസാരിക്കും. അതുമാത്രമാണ് ഇപ്പോള്‍ ചെയ്യാനാവുന്നത്. മറ്റ് കാര്യങ്ങള്‍ സംസ്ഥാന അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുകയാണ് ചെയ്യുക, സുരേഷ് ഗോപി വ്യക്തമാക്കി. കേസിന്റെ കൂടുതൽ വിശദാംശങ്ങളിൽ പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായില്ല. എന്നാൽ അദ്ദേഹം മരണപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ചു.
കൂടുതൽ പരാതിയുമായി നിതിൻ രാജിന്റെ കുടുംബം
നിതിൻ രാജിന്റെ അധ്യാപകർക്കെതിരെ ഗുരുതര ആരോപവുമായി നേരത്തെ കുടുംബം രംഗത്ത് വന്നിരുന്നു. ഹോസ്‌റ്റൽ വാർഡനായ കമലിനും, ലത എന്ന അധ്യാപികയ്ക്കും മകന്റെ മരണത്തിൽ പങ്കുണ്ടെന്നാണ് നിതിന്റെ പിതാവായ രാജൻ ആരോപിച്ചു. മകൻ എത്തി ഒരു മാസം മുതൽ റാഗിംഗ് തുടങ്ങിയിരുന്നുവെന്നും പല വസ്ത്രങ്ങളും ഇടാൻ പോലും സമ്മതിച്ചില്ലെന്നും ടി ഷർട്ട് ഇട്ടത് പോലും ഊരിപ്പിച്ചുവെന്നുമാണ് രാജൻ ചൂണ്ടിക്കാട്ടിയത്.
പല തവണ പരാതി ഉന്നയിച്ചിട്ടും എല്ലാ പരാതികളും പ്രിൻസിപ്പൽ പൂഴ്ത്തിവച്ചെന്ന ആരോപണവും രാജൻ ഉയർത്തി. തന്റെ മകനെ കുളിക്കാൻ പോലും സമ്മതിച്ചില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. തുണി അലക്കാൻ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നുവെന്നും എച്ച്ഒഡി മൃഗീയമായി നിതിനെ അധിക്ഷേപിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സ്വയം കണ്ണാടിയിൽ നോക്കാനാണ് അയാൾ മോനോട് പറഞ്ഞതെന്നും പിതാവ് രാജൻ ചൂണ്ടിക്കാട്ടി.
എല്ലാവരുടെയും മുന്നിൽ വെച്ച് പുഴുത്ത പട്ടി എന്ന് വരെ വിളിച്ചുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. മുൻപ് താൻ ഒരു കൊല ചെയ്‌തിട്ടുണ്ടെന്നും വീണ്ടും അത് ചെയ്യിപ്പിക്കരുതെന്ന് എച്ച്ഒഡി ഭീഷണിപ്പെടുത്തിയെന്നും നിതിന്റെ പിതാവ് ആരോപിക്കുന്നു. തന്റെ മകന് എന്തായിരുന്നു ഒരു കുറവ് എന്നറിയില്ലെന്നും എന്തിനാണ് മകനെ ഇരുട്ട് റൂമിൽ അടച്ചതെന്നും ചോദിച്ച രാജൻ അന്നു തുടങ്ങിയത് ആണ് ക്രൂരതയെന്നും ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications