ഏറ്റുമാനൂരപ്പനെ തൊഴാനെത്തി സുരേഷ് ഗോപി; മാധ്യമങ്ങളോട് മൗനം, മടക്കം അപൂർവ വഴിപാട് നടത്തിയ ശേഷം
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി. അപൂർവ വഴിപാടുകൾ ഉൾപ്പെടെ നടത്തിയാണ് സുരേഷ് ഗോപി ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. രാവിലെ ആറ് മണിയോടെയാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി കുടുംബത്തോടൊപ്പം ക്ഷേത്രത്തിലേക്ക് എത്തിയത്.
ഭാര്യ രാധിക, മകൻ ഗോകുൽ തുടങ്ങിയവർ സുരേഷ് അനുഗമിച്ചിരുന്നു. ക്ഷേത്രത്തിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് ദേവസ്വവും പോലീസും ചേർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ക്ഷേത്രത്തിൽ സാധാരണ ഭക്തനെ പോലെ ആചാരങ്ങൾ എല്ലാം പാലിച്ചുകൊണ്ട് ക്യൂ നിന്നാണ് സുരേഷ് ഗോപി ദർശനം നടത്തിയത്.

തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും സുരേഷ് ഗോപി ക്ഷേത്രത്തിൽ നടത്തി. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ ഉഷാ സുരേഷ് നേർന്ന വഴിപാട് പൂർത്തിയാക്കാനാണ് സുരേഷ് ഗോപി എത്തിയതെന്നാണ് സൂചന. വോട്ടെണ്ണൽ തലേ ദിവസം നടത്തിയ വഴിപാടും പ്രാർത്ഥനയും എക്‌സിറ്റ് പോൾ കൂടി മുന്നിൽ കണ്ടാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്നാൽ ക്ഷേത്രത്തിൽ എത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. സുരേഷ് ഗോപിയുടെ സന്ദർശനം മുൻകൂട്ടി അറിഞ്ഞ മാധ്യമ പ്രവർത്തകർ ഇവിടെ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു. എക്‌സിറ്റ് പോളുകൾ പുറത്തുവന്നതും നാളത്തെ വോട്ടെണ്ണലിലെ പ്രതീക്ഷകളും ഒക്കെയായി ചോദ്യങ്ങൾ ചോദിക്കാനിരുന്നെങ്കിലും വഴങ്ങാൻ സുരേഷ് ഗോപി തയ്യാറായില്ല.
ക്ഷേത്രത്തിൽ എത്തിയത് മുതൽ മടങ്ങുന്നത് വരെ എന്തെങ്കിലും തരത്തിൽ ഒരവസരം സുരേഷ് ഗോപി മാധ്യമങ്ങൾക്ക് നൽകിയില്ല. എന്നാൽ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന മറ്റുള്ള വിശ്വാസികളോട് അദ്ദേഹം സംസാരിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ സംസാരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. മാധ്യമങ്ങൾക്ക് മുൻപിൽ തൊഴുതുകൊണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.
അതേസമയം, കഴിഞ്ഞ ദിവസം വന്ന എക്‌സിറ്റ് പോളുകളിൽ ഭൂരിഭാഗവും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സൂചനയാണ് നൽകിയത്. അതിൽ തന്നെ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് സുരേഷ് ഗോപി മത്സരിച്ച തൃശൂർ. എന്നാൽ എക്‌സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായിട്ടില്ല.












Click it and Unblock the Notifications