തെരഞ്ഞെടുപ്പ് അടുക്കുന്നു; ടി പി കേസ് വീണ്ടും സജീവമാക്കാന്‍ യുഡിഎഫ് തീരുമാനം
കോഴിക്കോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍നില്‍ക്കെ സിപിഎമ്മിനെയും എല്‍ഡിഎഫിനെയും പ്രതിരോധത്തിലാക്കാന്‍ ടി പി വധക്കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ടി പി കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
നേരത്തെ ടി പി വധക്കേസ് അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ രണ്ടുതവണ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച്, ബിജെപിക്കുകൂടി രാഷ്ട്രീയ അന്തരീക്ഷം സുഗമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐയെ അന്വേഷണത്തിന് നിയോഗിക്കാന്‍ തീരുമാനിച്ചതായി സൂചനയുണ്ട്.

ഇതിന്റെ ഭാഗമായാണ് ടി പി കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ കെ രമ കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. കേസിലെ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടു തന്നെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും കാട്ടിയാണ് രമ പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. രമ സ്വന്തം നിലയിലാണ് കത്തയച്ചതെന്ന് പറയുന്നുണ്ടെങ്കിലും രമ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കിക്കഴിഞ്ഞു.
കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കത്തയക്കുമെന്നും ടി.പിയുടെ ഭാര്യ കെ.കെ രമയുടെ ആവശ്യത്തെ പിന്തുണക്കാന്‍ സര്‍ക്കാരിന് മടിയില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പ്രതികളെ ശിക്ഷിച്ച കേസ് ആയതുകൊണ്ട് കേസ് ഏറ്റെടുക്കാന്‍ ആകില്ലെന്നായിരുന്നു നേരത്തെ സിബിഐ നിലപാട്. എന്നാല്‍, സംസ്ഥാനത്തെ ബിജെപി നേതൃത്വം കൂടി സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ സിബിഐ കേസ് ഏറ്റെടുത്തേക്കും. അങ്ങനെയെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം വീണ്ടും പ്രതിരോധത്തിലാകുമെന്നുറപ്പാണ്.












Click it and Unblock the Notifications