'കോൺഗ്രസ് വീട് നൽകുന്നത് തടയാൻ ശ്രമം, പുതിയ കുത്തിത്തിരിപ്പുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്'; ടി സിദ്ദിഖ്
വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് വീട് നൽകാനുള്ള കോൺഗ്രസ് ശ്രമം തടയുന്നു എന്നാരോപിച്ച് ദേശാഭിമാനി പത്രത്തെയും സിപിഎമ്മിനേയും വിമർശിച്ച് കൽപ്പറ്റ എംഎൽഎയും കോൺഗ്രസ് നേതാവുമായ ടി സിദ്ദിഖ്. വയനാട്ടില്‍ നഗരമധ്യത്തിലേക്കുപോലും പുലിയും കടുവയും ആനയും ഇറങ്ങുന്നത് തടയാന്‍ കഴിയാത്തവര്‍ ഇന്ന് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്നാണ് സിദ്ദിഖ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നത്.
വന്യജീവികള്‍ ഇടയ്ക്കിടെ ഇറങ്ങുന്ന സ്ഥലം തന്നെയാണ് സർക്കാർ ദുരിതബാധിതർക്കായി വീട് നിർമ്മിക്കുന്ന എല്‍സ്‌റ്റണ്‍ എസ്‌റ്റേറ്റ് എന്നും എങ്കിലും ആ ഘട്ടത്തില്‍ തങ്ങള്‍ ഈ വിഷയം ഉയര്‍ത്തിയില്ലെന്നും ടി സിദ്ദിഖ് പറയുന്നു. കാരണം ജനങ്ങളുടെ പക്കല്‍ നിന്ന് പിരിച്ച പണം കൊണ്ട് ദുരന്തബാധിതര്‍ക്ക് വീടൊരുക്കുന്ന പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കരുത് എന്ന് കരുതിയായിരുന്നു അതെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:
സർക്കാർ (സിപിഎം അല്ല) ടൗൺഷിപ്പ് കൊണ്ട് വരാൻ തീരുമാനിച്ച എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ പുലി ഇറങ്ങിയ വാർത്ത കഴിഞ്ഞ ജനുവരിയിലും ദേശാഭിമാനി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വനത്തോട് ചേർന്ന പ്രദേശമായതിനാൽ ആനയും പുലിയുമടക്കമുള്ള വന്യജീവികൾ ഇടയ്ക്കിടെ ഇറങ്ങുന്ന സ്ഥലം തന്നെയാണ് എൽസ്‌റ്റൺ എസ്‌റ്റേറ്റ്.
എന്നാൽ ആ ഘട്ടത്തിൽ ഞങ്ങൾ ഈ വിഷയം ഉയർത്തിയില്ല. കാരണം വ്യക്തമായിരുന്നു- ജനങ്ങളുടെ പക്കൽ നിന്ന് പിരിച്ച പണം കൊണ്ട് ദുരന്തബാധിതർക്ക് വീടൊരുക്കുന്ന പ്രവർത്തനത്തിന് തടസമുണ്ടാക്കരുത്. ടൗൺഷിപ്പ് വന്നാൽ ഫെൻസിംഗും സുരക്ഷാ സംവിധാനങ്ങളും വരുമെന്നും, വന്യമൃഗശല്യം കുറയുമെന്നും പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ സമീപിച്ചത്.
പക്ഷേ, കോൺഗ്രസ് ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം റവന്യൂ തടസം സൃഷ്‌ടിച്ചവർ, ഒടുവിൽ യാതൊരു പ്രശ്‌നവുമില്ലാത്ത ഭൂമി കണ്ടെത്തിയപ്പോൾ പുതിയ കുത്തിത്തിരിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ പുലി ഇറങ്ങിയെന്ന് എഴുതിയ അതേ ദേശാഭിമാനിയും സഖാക്കളും ടൗൺഷിപ്പ് പ്രഖ്യാപിച്ചപ്പോൾ നിശബ്‌ദരായി. എന്നാൽ ഇപ്പോൾ 'ആനക്കാട്' എന്ന പുതിയ കഥ പറഞ്ഞ് കോൺഗ്രസ് ദുരന്തബാധിതർക്ക് വീട് നൽകുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നത്.
"സമീപത്തെ വനമേഖലയിൽ നിന്നാണ് ദുരന്തബാധിതർക്ക് ടൗൺഷിപ്പ് ഒരുക്കുന്ന എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ വന്യമൃഗങ്ങൾ എത്തുന്നത്" ദേശാഭിമാനി തന്നെ എഴുതിയതാണ് ഇത്. വയനാട്ടിൽ നഗരമധ്യത്തിലേക്കുപോലും പുലിയും കടുവയും ആനയും ഇറങ്ങുന്നത് തടയാൻ കഴിയാത്തവർ, ഇന്ന് ഇത്തരം വാദങ്ങൾ ഉയർത്തുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്.












Click it and Unblock the Notifications