ഗുലാംനബി കാണിച്ചത് കൊടുംചതിയെന്ന് ടി സിദ്ധീഖ്: എല്ലാം നേടി, ഒടുവില്‍ ബിജെപിയുടെ കളിപ്പാവയായി മാറി
കോഴിക്കോട്: കോണ്‍ഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാംനബി ആസാദിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ധീഖ് എം എല്‍ എ. ഗുലാം നബി ആസാദ് കോൺഗ്രസ് പാർട്ടിയോട് ചെയ്തത് കൊടും ചതിയാണെന്നാണ് അദ്ദേഹം വിമർശിക്കുന്നത്. കോൺഗ്രസ് പാർട്ടിയെ കൊണ്ട് ജീവിതകാലം മുഴുവൻ സാധ്യമയതൊക്കെ നേടി ഒടുവിൽ വിരമിച്ച് വീട്ടിലിരിക്കേണ്ട സമയത്ത് ബിജെപിയുടെ കയ്യിലെ കളിപ്പാവയായിത്തീരുന്നത് കാണുമ്പോൾ സഹതാപം മാത്രമെന്നും അദ്ദേഹം പറയുന്നു.
അധികാരത്തിനു വേണ്ടി മാത്രം പാർട്ടിയും ആശയവും എന്നത് കോൺഗ്രസിന്റെ നയമല്ല. രാജ്യം ഇപ്പോൾ കടന്ന് പോകുന്നത് അതിന്റെ ആത്മാവിനു പരിക്കേറ്റ നിലയിലാണെന്നും ടി സിദ്ധീഖ് അഭിപ്രായപ്പെട്ടു.

ഫാഷിസ്റ്റ് വർഗീയ ഭരണകൂടം രാജ്യത്തെ തകർക്കുമ്പോൾ ഈ രാജ്യം ഉണ്ടാക്കിയെടുത്ത കോൺഗ്രസുകാർരുടെ പിന്മുറക്കാർ രാജ്യത്തെ തിരിച്ച് പിടിക്കാൻ പോരാട്ടം നയിക്കുമ്പോഴാണു ഗുലാം നബിയെ പോലുള്ളവർ പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്നത്. ബിജെപി കശ്‌മീരിനെ വിഭജിച്ചപ്പോൾ പാർലമെന്റിൽ മോഡിയുടെ മുഖത്ത് നോക്കി ചോദിക്കാൻ ഗുലാം നബിക്ക് മുട്ട് വിറച്ചപ്പോൾ തന്നെ ഇങ്ങനെയൊരു പോക്ക് രാഷ്ട്രീയം അറിയാവുന്നവർക്ക് ബോധ്യമായതാണ്. ആരു പോയാലും വന്നാലും കോൺഗ്രസ് എന്ന ആശയം നശിക്കില്ല.
അനുപമേ.. അഴകേ.. ; വെള്ളയില്‍ തിളങ്ങി അനുപമ പരമേശ്വരന്‍, വൈറലായി ചിത്രങ്ങള്‍

അത് ഇന്ത്യ ഉള്ള കാലത്തോളം എന്നല്ല, ഇന്ത്യയെ നില നിർത്തിക്കൊണ്ട് എക്കാലവും ഇവിടെ ഉണ്ടാകും. വിഭജിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഇന്ത്യയെ ഒന്നാക്കാൻ രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കശ്മീർ വരെ 3500 കിലോ മീറ്ററിലധികം പദയാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്ന ഈ സമയത്ത് ഓരോ യഥാർത്ഥ കോൺഗ്രസുകാരനും രാജ്യത്തെ തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിലാണു. ഇത്തരം അധികാര മോഹികളുടെ കൊഴിഞ്ഞ് പോക്ക് പാർട്ടിയെ കൂടുതൽ കരുത്തരാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബിജെപിയെ എതിർക്കാൻ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നില നിൽക്കാനും ഒരു ജീവശ്വാസം പോലെ കോൺഗ്രസ് നില നിന്നേ മതിയാകൂവെന്നും ടി സിദ്ധീഖ് കൂട്ടിച്ചേർക്കുന്നു.

അതേസമയം, പുനരുജ്ജീവിപ്പിക്കാൻ പോലുമാകാത്തവിധം കോൺഗ്രസ്സ് തകർന്ന് പാതാളത്തിലേക്ക് താഴുകയാണെന്നാണ് സി പി എം തിരുവന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍ അഭിപ്രായപ്പെടുന്നത്. 'കോൺഗ്രസ്സിന്റെ നയങ്ങളിലും നിലപാടുകളിലും പ്രതിഷേധിച്ച് തലമുതിർന്ന നേതാവ് ശ്രീ ഗുലാം നബി ആസാദ് കോൺഗ്രസിന്റെ പ്രാഥമികാംഗത്വം ഉൾപ്പെടെ രാജിവച്ചിരിക്കുന്നു. പുനരുജ്ജീവിപ്പിക്കാൻ പോലുമാകാത്തവിധം കോൺഗ്രസ്സ് തകർന്ന് പാതാളത്തിലേക്ക് താഴുകയാണ്'- അദ്ദേഹം പറയുന്നു.

കഴിഞ്ഞ കുറെ മൂന്നിലേറെ വർഷങ്ങളായി ആ പാർട്ടിയ്ക്ക് ഒരു പ്രസിഡന്റ് ഇല്ല. പ്രസിഡന്റിനെ ഇന്നെടുക്കും നാളെയെടുക്കും എന്ന പറച്ചിലുകൾക്കപ്പുറം അടുത്തകാലത്തൊന്നും ഒരു പ്രസിഡണ്ട് ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. പ്രമുഖരായ നിരവധിപേർ ഇതിനകം കോൺഗ്രസ്സ് വിട്ട് പോയി. പോയവരിൽ മഹാഭൂരിപക്ഷവും ബിജെപിയിലാണ് ചേക്കേറിയത്. സ്ഥാനമാനങ്ങളും സമ്പത്തും നൽകി പലരെയും ബിജെപി വിലയ്‌ക്കെടുക്കുകയായിരുന്നു. മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിമാർ, മുൻ കേന്ദ്രമന്ത്രിമാർ, മുൻ എംപിമാർ, മുൻ എംഎൽഎ മാർ കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി അംഗങ്ങൾ, പിസിസി പ്രസിഡന്റുമാർ എന്നിവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്.

വ്യക്തമായ നയവും പരിപാടിയും അതൊക്കെ നടപ്പാക്കാൻ കഴിയുന്ന ദിശാബോധവും ഇച്ഛാശക്തിയുമുള്ള പാർട്ടിയും നേതൃത്വവും ഇല്ലാത്ത സംവിധാനമായി കോൺഗ്രസ് മാറിയ ദയനീയ കാഴ്ചയാണ് കാണുന്നത്. ഇന്ത്യൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ രാജ്യത്തെ പ്രതിപക്ഷകക്ഷികളെയാകെ കൂട്ടിയോജിപ്പിച്ച് ശക്തമായ ബദൽ ഉയർത്തികൊണ്ട് വരാൻ പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന് കഴിഞ്ഞില്ല. അത്തരത്തിലൊരു നേതൃപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയുന്ന ആരും ഇന്ന് കോൺഗ്രസ്സിൽ ഇല്ല.

ലക്ഷ്യബോധം നഷ്ട്ടപെട്ട ഈ പാർട്ടിയാണത്രെ ബിജെപിയെ ചെറുക്കാൻ പോകുന്നത്. പക്വതയില്ലാത്ത രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് ഗുലാം നബി ആസാദ് ചൂണ്ടികാട്ടുന്നു. ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെ തന്നെയും തകർക്കുന്ന ബിജെപിയ്ക്ക് എതിരെ കോൺഗ്രസ്സിനെ ഉറ്റുനോക്കുന്നവർ നിരാശപ്പെടേണ്ടി വരും. ഇടതുപക്ഷ മതേതര ജനാധിപത്യ പ്രസ്ഥാനമാണ് ശരിയായ ബദൽ, അതിനെ ശക്തിപ്പെടുത്തുക എന്നതാണ് ബിജെപി വിരുദ്ധപോരാട്ടത്തിന് അവശ്യം വേണ്ടതെന്നും ആനാവൂർ നാഗപ്പന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications