തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ; കാലിന് നീരുണ്ടെന്ന് ഡോക്‌ടർമാർ, തുടർനടപടികൾ റിപ്പോർട്ട് വന്ന ശേഷം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ എംഐസിയു ഒന്നിലേക്കാണ് തന്ത്രിയെ മാറ്റിയിരിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ തന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനക്കായി കൊണ്ട് വന്നിരുന്നു.
തുടർന്ന് കൂടുതൽ പരിശോധനകൾക്കായി തന്ത്രിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കാൻ തീരുമാനിച്ചത്.

ആദ്യം ജനറൽ ആശുപത്രിയിലാണ് അദ്ദേഹത്തെ കൊണ്ട് പോയതെങ്കിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തന്ത്രിയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയതെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. കാർഡിയോളജി, മെഡിസിൻ വകുപ്പുകളുടെ ശുപാർശയിലാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഡോക്‌ടർമാരുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. ആശുപത്രിയിൽ തുടരേണ്ടി വരുമോ അല്ലെങ്കിൽ ആശുപത്രി വിടാൻ കഴിയുമോ എന്ന് ഈ റിപ്പോർട്ടിന് ശേഷമേ വ്യക്തമാവുകയുള്ളൂ. നിലവിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും അദ്ദേഹം മരുന്ന് കഴിക്കുന്നുണ്ടെന്നാണ് വിവരം. ഇപ്പോൾ അദ്ദേഹത്തിന്റെ കാലിൽ നീരുമുണ്ട്.
പരിശോധനയിൽ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമായെന്നാണ് ഡോക്‌ടര്‍മാര്‍ അറിയിച്ചത്. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും പരിശോധിച്ച ഡോക്‌ടർ വിനു പറയുന്നു. തന്ത്രി കണ്ഠരര് രാജീവർക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നതിനാൽ കൂടിയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തതെന്നാണ് വിവരം.
അതിനിടെ തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളികള്‍ കടത്തിയ കേസിലും പ്രതിചേർക്കാനാണ് എസ്ഐടി നീക്കം. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. തിരുവിതാംകൂർ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപാളി കേസിലെ എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു.
സാധാരണയായി തന്ത്രി ദേവസ്വം ബോർഡിൽ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ പടിത്തരം ദക്ഷിണയല്ല, പ്രതിഫലമാണെന്നുമാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. അസി. കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യതസ്ഥനാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications